NEWSROOM

'ജനങ്ങള്‍ക്ക് എന്നോട് അമര്‍ഷമുണ്ട്'; തുറന്ന് സമ്മതിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി

മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം തന്‍റെ കൈയിലല്ലെന്നും ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലാണ് ശ്രദ്ധയെന്നും ബിരേന്‍ സിങ്

Author : ന്യൂസ് ഡെസ്ക്

മണിപ്പൂര്‍ സര്‍ക്കാരില്‍ മാറ്റങ്ങളുണ്ടായേക്കാം എന്ന അഭ്യൂഹങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി ബിരേന്‍ സിങ്. മണിപ്പൂരില്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിലാണ് നേതൃത്വമാറ്റ വാര്‍ത്തകള്‍ ഉയര്‍ന്നു വന്നത്. മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനം തന്റെ കൈയിലല്ലെന്നും ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് ശ്രദ്ധയെന്നും ബിരേന്‍ സിങ് എന്‍ഡിടിവിയോട് പറഞ്ഞു.

ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി മണിപ്പൂരിലെ രണ്ടു സീറ്റുകളിലും തോറ്റ അവസ്ഥയിലാണ് നേതൃത്വമാറ്റത്തിനായുള്ള ആവശ്യം ശക്തമായത്. തെരഞ്ഞെടുപ്പില്‍ ഇരു സീറ്റുകളിലും ബിജെപി-നാഗാ പീപ്പിള്‍ ഫ്രണ്ട് സഖ്യത്തെ കോണ്‍ഗ്രസാണ് പരാജയപ്പെടുത്തിയത്.

ലോക് സഭ തെരഞ്ഞെടുപ്പ് പരാജയത്തിനെ മണിപ്പൂരിലെ ഇപ്പോഴത്തെ സാഹചര്യവുമായി ചേര്‍ത്തു വായിച്ച ബിരേന്‍ സിങ് സ്ഥിതിഗതികള്‍ താന്‍ കൈകാര്യം ചെയ്ത രീതിയില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്ന് സമ്മതിച്ചു.

'കാര്യങ്ങള്‍ കൈകാര്യം ചെയ്ത വിധത്തില്‍ ജനങ്ങള്‍ക്ക് എന്നോട് അമര്‍ഷമുണ്ടെന്ന് എനിക്കറിയാം. ഞങ്ങളത് അംഗീകരിക്കുന്നു. സ്ഥിതി സങ്കീര്‍ണമാണ്. ശത്രുവിനെ കണ്ടെത്താനല്ല ഞങ്ങള്‍ പോരാടുന്നത്', മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയ് 3നാണ് മണിപ്പൂരില്‍ കുക്കി-മെയ്തെയ് ഗോത്ര സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. 200ല്‍ അധികം ആളുകള്‍ മരിക്കുകയും 50,000 ആളുകള്‍ക്ക് കുടിയൊഴിയുകയും ചെയ്യേണ്ടി വന്ന കലാപം ഇപ്പോഴും തുടരുകയാണ്. മണിപ്പൂരില്‍ നിന്നും വേര്‍പെട്ട ഒരു കേന്ദ്ര ഭരണ പ്രദേശമാണ് ഇപ്പോള്‍ കുക്കി വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ആവശ്യത്തെ ഗൗരവത്തോടെയല്ല മുഖ്യമന്ത്രി സമീപിച്ചത്.

ലോക് സഭയില്‍ മണിപ്പൂര്‍ വിഷയം പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ട് വന്നിരുന്നു. പുതിയ സഭയിലെ പ്രതിപക്ഷത്തിന്റെ അംഗ സംഖ്യയിലെ വര്‍ദ്ധനവ് മണിപ്പൂര്‍ വിഷയത്തിന് ദേശീയ തലത്തില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നുണ്ട്.

SCROLL FOR NEXT