NEWSROOM

മുഖ്യമന്ത്രി ഹിന്ദു കാർഡ് ഇറക്കുന്നു, ലീഗിനെ കടന്നാക്രമിക്കുന്നത് അതിൻ്റെ ഭാഗം: രമേശ് ചെന്നിത്തല

ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ പിണറായി വരണ്ട. മതേതരത്വം സംരക്ഷിക്കാൻ എന്നും ലീഗ് മുന്നിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു കാർഡ് ഇറക്കുന്നുവെന്ന് രമേശ് ചെന്നിത്തല. അതിൻ്റെ ഭാഗമാണ് ലീഗിനെ കടന്നാക്രമിക്കുന്നത്. ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ പിണറായി വരണ്ട. മതേതരത്വം സംരക്ഷിക്കാൻ എന്നും ലീഗ് മുന്നിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലീം ലീഗ് സെമിനാറിൽ ഉദ്ഘാടകനായി എത്തിയപ്പോഴായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

മുസ്ലീം ലീഗ് സെമിനാറിൽ നിന്ന് ജി സുധാകരന്റെ പിന്മാറ്റത്തിൽ വിലക്കിയാൽ പിൻമാറുന്ന ആളല്ല സുധാകരനെന്നും വന്നില്ലെങ്കിലും അദ്ദേഹത്തിൻ്റെ മനസ് ഇവിടെയുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി ജി. സുധാകരനെ സ്വന്തം പാർട്ടിയുടെ യോഗത്തിലും മറ്റു യോഗങ്ങളിലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

അകറ്റി നിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുന്നുവെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയൻ ജില്ലാ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. വർഗീയതയെ കൂട്ടുപിടിച്ചായാലും തൽക്കാലം കുറച്ചു വോട്ടും നാലു സീറ്റും എന്നതാണ് യുഡിഎഫ് രീതിയെന്ന് പിണറായി പറഞ്ഞു. യുഡിഎഫിൻ്റെ പാലക്കാട്ടെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കണം. ജമാഅത്തെ, എസ്ഡിപിഐ എന്നിവരുമായിട്ടാണ് ഇപ്പോൾ ലീ​ഗിന്റെ കൂട്ട്. ലീഗിൻ്റെ കാര്യങ്ങൾ ഇപ്പോൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗിൻ്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ കൂട്ടുന്നത് ലീഗിനെ നാശത്തിലേക്ക് കൊണ്ടുപോകുമെന്നും പിണറായി കൂട്ടിച്ചേർത്തു.

SCROLL FOR NEXT