കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിലെ പുക പടർന്നതിൽ സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് ശേഷം കൃത്യമായ കാരണങ്ങൾ കണ്ടെത്തും. അടിയന്തര മെഡിക്കൽ യോഗം ചേരുന്നതിനായി ആരോഗ്യമന്ത്രി വീണ ജോർജ് കോഴിക്കോട് മെഡിക്കൽ കോളേജിലക്ക് പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റേസിന്റെ അന്വേഷണം നടക്കേണ്ടതുണ്ട്. ആ അന്വേഷണത്തിന് ശേഷമാണ് കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ആവുക. മന്ത്രിയുടെ സന്ദർശനത്തിനുശേഷം ബാക്കി കാര്യങ്ങൾ കൂടി തീരുമാനിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപിഎസ് റൂമിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ അടിയന്തര മെഡിക്കൽ യോഗം ചേരുകയാണ്. സാഹചര്യം വിലയിരുത്താൻ യോഗത്തിൽ ആരോഗ്യമന്ത്രിയും എത്തിയിട്ടുണ്ട്. മരിച്ച മൂന്ന് രോഗികളുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് കോൺഗ്രസ് ആരോപിച്ചു.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജ് അപകടത്തിന് ശേഷം മരണം അഞ്ചായി. നാലു പേർ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. പുക ശ്വസിച്ചല്ല ഇവർ മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഒരാൾ ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപാണ് മരിച്ചതെന്നാണ് മെഡിക്കൽ കോളേജിന്റെ വിശദീകരണം. മരിച്ചവരുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അഞ്ച് പേരുടെ മരണത്തിലും പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യും.
ഇന്നലെ രാത്രി 7.45-ഓടെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ പുക ഉയർന്നത്. എംആർഐ യൂണിറ്റിന്റെ യുപിഎസിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്നാണ് പുക ഉയർന്നതെന്നാണ് പ്രാഥമിക നിഗമനം.