പ്രതിഷേധം കനത്തതോടെ ശബരിമല ദർശന ക്രമീകരണത്തിൽ മാറ്റം വരുത്തി സർക്കാർ. ബുക്ക് ചെയ്തു വരുന്നവര്‍ക്കും ചെയ്യാതെ വരുന്നവര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും ശബരിലയില്‍ കുറ്റമറ്റ തീര്‍ഥാടനം നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ദർശനം ഉറപ്പുവരുത്തിയിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വി. ജോയിയുടെ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ: ശബരിമലയില്‍ സ്പോട്ട് ബുക്കിങ് വേണമെന്ന് സിപിഎം; പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം: എം.വി. ഗോവിന്ദന്
തീർഥാടനത്തിനെത്തുന്ന എല്ലാ ഭക്തർക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും 12 എമര്‍ജന്‍സി മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കരിമല റൂട്ടില്‍ ഫോറസ്റ്റുമായി സഹകരിച്ച് മെഡിക്കല്‍ സെന്‍ററുകള്‍ ആരംഭിക്കുന്നതിനും കാര്‍ഡിയോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഭക്തർക്ക് സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കാൻ സ്പോട്ട് ബുക്കിങ് അനുവദിക്കും. ഓൺലൈൻ ബുക്കിങ്ങിനെക്കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തർക്കും ദർശന സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലാണ് ഇക്കൊല്ലം ശബരിമല ദർശനവുമായി ബന്ധപ്പെട്ട് സ്പോട്ട് ബുക്കിങ് മാത്രം മതിയെന്ന തീരുമാനമെടുത്തത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെ വീണ്ടും ചേർന്ന അവലോകന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് വേണമെന്ന തീരുമാനത്തിലേക്ക് സർക്കാരും ദേവസ്വം ബോർഡും എത്തിയത്.