NEWSROOM

വിഴിഞ്ഞം രാജ്യത്തിൻ്റെ തന്നെ അഭിമാന പദ്ധതി, തുടക്കത്തിൽ എൽഡിഎഫിൽ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു: മുഖ്യമന്ത്രി

പലപ്പോഴും തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. അപ്പോഴൊക്കെ സർക്കാർ ഇടപെട്ടു. അങ്ങനെയാണ് നാടിന് ആവശ്യം ഉണ്ടായിരുന്ന പദ്ധതി പൂർത്തിയായത്.

Author : ന്യൂസ് ഡെസ്ക്

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ ചില അഭിപ്രായ ഭിന്നത എൽഡിഎഫിന് ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സര്‍ക്കാരിൻ്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല യോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായ ഭിന്നത നിലനിർത്തിക്കൊണ്ടാണ് ചർച്ച നടത്തിയത്. 2015ൽ തന്നെ കരാർ നടപ്പാക്കിയിരുന്നു. കരാർ വേണ്ടെന്ന് വെയ്ക്കാനാവില്ല. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നത് നിയമ പ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടു പോയി. പലപ്പോഴും തടസപ്പെടുത്താൻ ശ്രമം ഉണ്ടായി. അപ്പോഴൊക്കെ സർക്കാർ ഇടപെട്ടു. അങ്ങനെയാണ് നാടിന് ആവശ്യമായിരുന്ന പദ്ധതി പൂർത്തിയായത്. വിഴിഞ്ഞം പദ്ധതി രാജ്യത്തിൻ്റെ തന്നെ അഭിമാന പദ്ധതിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

"കേരളത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്രം സഹായിച്ചില്ല. സഹായിക്കാൻ വന്ന രാജ്യങ്ങളെയും കേന്ദ്രം തടഞ്ഞു. കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനൊപ്പം പ്രതിപക്ഷവും നിന്നു. വിഷമിച്ച് തലയിൽ കൈയ്യും വെച്ചിരിക്കുകയല്ല സർക്കാർ ചെയ്തത് മറിച്ച് എല്ലാത്തിനെയും അതിജീവിച്ചു. ലോകം ഇന്ന് അത്ഭുതത്തോടെ കേരളത്തിലേക്ക് നോക്കുന്നു. നവകേരളം എന്നത് സങ്കൽപ്പമല്ല, യാഥാർത്ഥ്യമാണ്. ഇന്ത്യയിൽ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാൻ പോകുന്നുവെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. കോവിഡിന് മുന്നിൽ മുട്ടുകുത്താത്ത ഏകപ്രദേശം കേരളമാണ്. സർക്കാർ നാടിൻ്റെ വികസനത്തിന് ഒപ്പമാണ് നിൽക്കുന്നത്" മുഖ്യമന്ത്രി പറ‍ഞ്ഞു.

2016 ലെ സർക്കാരിൻ്റെ തുടർച്ചയാണ് ഇപ്പോഴത്തെ സർക്കാരെന്നും മുഖ്യമന്ത്രി. സമീപകാല ചരിതം തിരുത്തിയാണ് എൽഡിഎഫ് രണ്ടാമതും അധികാരത്തിൽ വന്നത്. എൽഡിഎഫ് പറഞ്ഞതും ജനങ്ങൾ പ്രതീക്ഷിച്ചതുമായ കാര്യങ്ങൾ നടന്നു എന്നതിൻ്റെ വിലയിരുത്തൽ ആണത്. ആ വിലയിരുത്തലിൻ്റെ ഫലമാണ് തുടർഭരണം. 2016ന് മുൻപ് കേരളത്തിൽ തകർച്ചയായിരുന്നു. ആ ഭരണകാലത്ത് ജനങ്ങൾക്ക് കടുത്ത നിരാശയായിരുന്നു. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാക്യം ജനങ്ങൾ ഏറ്റെടുത്തു. പൊതുവിദ്യാഭാസം, ആരോഗ്യമേഖല എന്നിവയിലെ പ്രശ്നങ്ങൾ പരിഹരിച്ചു. നീതി ആയോഗിൻ്റെ സാക്ഷ്യപ്പെടുത്തലിൽ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖല ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദേശീയപാത നിർമാണം അധികം വൈകാതെ പൂർത്തിയാകും. ദേശീയ പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടത്താൻ യുഡിഎഫിനായില്ല. ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയും ഈ സർക്കാർ നടപ്പാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

SCROLL FOR NEXT