NEWSROOM

"പത്തനംതിട്ടയിൽ വിമാനത്താവളം യാഥാർഥ്യമാക്കും"; 2016 ൽ നിന്ന് 2025ൽ എത്തുമ്പോൾ കേരളത്തിൻ്റെ വിവിധ മേഖലയിലായി വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക സാമൂഹിക മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ടവർ, വിദ്യാർഥികൾ, യുവജനങ്ങൾ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, പ്രവാസികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിച്ചു.

Author : ന്യൂസ് ഡെസ്ക്

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ സംഘടിപ്പിച്ച ജില്ലാ തല അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളുമായും മുഖ്യമന്ത്രി സംവദിച്ചു. പത്തനംതിട്ടയിൽ വിമാനത്താവളം യാഥാർഥ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

രണ്ടാം എൽ ഡി എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചു വിപുലമായ പരിപാടികളാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്നത്. 2016 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ വലിയ മാറ്റങ്ങളാണ് കേരളത്തിന്റെ വിവിധ മേഖലയിൽ ഉണ്ടായതെന്നും കേരളത്തിലെ 5 ാമത്തെ രാജ്യാന്തര വിമാനത്താവളം പത്തനംതിട്ടയിൽ യാഥാർഥ്യമാക്കുമെന്നും ജില്ലാ തല അവലോകനയോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ സാംസ്കാരിക സാമൂഹിക മേഖലകളിലെ തെരഞ്ഞെടുക്കപ്പെട്ടവർ, വിദ്യാർഥികൾ, യുവജനങ്ങൾ വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, പ്രവാസികൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിച്ചു. വ്യത്യസ്ത മേഖലകളിൽ സർക്കാർ തലത്തിൽ നടപ്പാക്കേണ്ട മാറ്റങ്ങൾ അവരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി.

മന്ത്രിമാരായ വീണാ ജോർജും കെ. എൻ. ബാലഗോപാലും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും പരിപാടിയിൽ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രദർശന വിപണനമേളയും അടുത്ത മാസം പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിക്കും.

SCROLL FOR NEXT