സിഎംഎഫ്ആർഐയുടെ മേൽനോട്ടത്തിൽ കൊടുങ്ങല്ലൂർ കായലിൽ നടന്ന കല്ലുമ്മക്കായ കൃഷിയുടെ വിളവെടുപ്പ് 
NEWSROOM

ആറ് മാസം കൊണ്ട് 1.7 ടൺ കല്ലുമ്മക്കായ; കൊടുങ്ങല്ലൂർ കായലില്‍ ബംബർ വിളവെടുപ്പുമായി CMFRI

കഴിഞ്ഞ വർഷം ഡിസംബറിലാണ് കൊടുങ്ങല്ലൂർ നഗരസഭയിലെ 15 പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾക്കായുള്ള കൃഷി ആരംഭിച്ചത്.

Author : ന്യൂസ് ഡെസ്ക്

കൊടുങ്ങല്ലൂർ കായലിൽ നടന്ന കല്ലുമ്മക്കായ കൃഷിയിൽ വന്‍ വിളവെടുപ്പ്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) മേൽനോട്ടത്തിൽ ആറ് മാസം നീണ്ടുനിന്ന കൃഷിയിൽ നിന്ന് 1.7 ടൺ കല്ലുമ്മക്കായയാണ് ലഭിച്ചത്. പട്ടികജാതി കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സിഎംഎഫ്ആർഐയുടെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിന്റെ(എസ്‌സിഎസ്‌പി) ഭാഗമായിരുന്നു കൊടുങ്ങല്ലൂർ കായലിലെ കല്ലുമ്മക്കായ കൃഷി.


കഴിഞ്ഞ വർഷം ഡിസംബറിലാണ് കൊടുങ്ങല്ലൂർ നഗരസഭയിലെ 15 പട്ടികജാതി കുടുംബങ്ങളിലെ അംഗങ്ങൾക്കായുള്ള കൃഷി ആരംഭിച്ചത്. ചെലവ് കുറഞ്ഞ കല്ലുമ്മക്കായ കൃഷിരീതി ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെ, രണ്ട് സ്വയംസഹായക സംഘങ്ങളെ പങ്കാളികളാക്കിയാണ് കൃഷി നടത്തിയത്. ജിഐ പൈപ്പുകൾ ഉപയോഗിച്ച് രണ്ട് കൃഷിയിടങ്ങളാണ് സിഎംഎഫ്ആർഐ സ്ഥാപിച്ചത്. ആവശ്യമായ ശാസത്ര-സാങ്കേതിക സഹായവും സിഎംഎഫ്ആർഐ നൽകി. ഉയർന്ന വളർച്ചാനിരക്കോടെ കൃഷിയിൽ നിന്നും മികച്ച വിളവെടുപ്പാണ് നേടിയത്. തോട് ഉൾപ്പെടെയുള്ള കല്ലുമ്മക്കായ കിലോയ്ക്ക് 200-250 രൂപ വില ലഭിക്കുമെന്നാണ് കർഷകർ പ്രതീക്ഷിക്കുന്നത്.

കൊടുങ്ങല്ലൂർ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. വി.എസ്. ബിനിൽ വിളവെടുപ്പ് മേള ഉദ്ഘാടനം ചെയ്തു. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കൗൺസിലർ കെ.എസ്. ശിവറാം, സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. രമ മധു, സീനിയർ സയന്റിസ്റ്റ് ഡോ. വിദ്യ ആർ, ടെക്‌നിക്കൽ ഓഫീസർ പി.എസ്. അലോഷ്യസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.


SCROLL FOR NEXT