NEWSROOM

വിലങ്ങാട് ഉരുൾപൊട്ടൽ: കളക്ടർ ഉടൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും

ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് കണക്കുകൾ കൈമാറിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ട കണക്കുകൾ വിവിധ വകുപ്പുകൾ അവതരിപ്പിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് കണക്കുകൾ കൈമാറിയത്.  ഈ റിപ്പോർട്ട്  കളക്ടർ സർക്കാരിന് സമർപ്പിക്കും. 

ഉരുൾപൊട്ടലിൽ പ്രദേശത്തെ 14 വീടുകൾ പൂർണമായും ഒഴുകിപ്പോയതായി വടകര ആർഡിഒയും വിലങ്ങാട് ദുരന്തനിവാരണത്തിൻ്റെ നോഡൽ ഓഫീസറുമായ പി അൻവർ സാദത്ത് അറിയിച്ചു. ഇതുൾപ്പെടെ 112 വീടുകൾ വാസയോഗ്യമല്ലാതായെന്നും റിപ്പോർട്ടിൽ പറയുന്നു. താമസ യോഗ്യമല്ലാത്ത വീടുകളുടെ മുഴുവൻ കണക്കുകൾ പൂർത്തിയായിട്ടില്ല. നാലോളം കടകളും നശിച്ചിട്ടുണ്ട്. എകദേശം 5.8 കോടി രൂപയുടെ നഷ്ടമാണ് കേരള റോഡ് ഫണ്ട്‌ ബോർഡ് കണക്കാക്കുന്നത്.

ഉരുട്ടി പാലത്തിൻ്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ തകർന്നത് ഉൾപ്പെടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പിഡബ്ലിയുഡി റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിൻ്റെ  നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിൽ കൃഷി നാശമുണ്ടായി. 225 കർഷകരെ ദുരന്തം സാരമായി തന്നെ ബാധിച്ചു. 11.85 കോടിയുടെ നഷ്ടം കാർഷിക മേഖലയിൽ സംഭവിച്ചതായാണ് കണക്ക്.  2.7 ലക്ഷത്തിൻ്റെ നഷ്ടമുണ്ടായതായി പിഡബ്ലിയുഡി കെട്ടിട വിഭാഗവും, 35.3 ലക്ഷത്തിൻ്റെ  നഷ്ടം സംഭവിച്ചതായി ജല അതോറിറ്റിയും അറിയിച്ചു. വിലങ്ങാട് ആദിവാസികളുടെ ട്രൈബൽ സൊസൈറ്റി സംഭരിച്ച 1800 കിലോ തേനും 60 കിലോ ചെറുതേനും കെട്ടിടവും ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. പന്നിയേരി, കൂറ്റല്ലൂർ, മാടാഞ്ചേരി, വായാട് ഉന്നതികളിലേക്കുള്ള പാലവും റോഡും തകർന്നിട്ടുണ്ട്. വായാട് ഉന്നതിയിലേക്കുള്ള കുടിവെള്ള പദ്ധതി പൂർണമായും തകർന്ന നിലയിലാണ്.

6.06 കോടിയുടെ നഷ്ടമാണ് കെഎസ്ഇബി വിലയിരുത്തിയത്. റോഡുകൾ, കുടിവെള്ള പദ്ധതികൾ, കലുങ്കുകൾ, കെട്ടിടങ്ങൾ ഉൾപ്പെടെ മൊത്തം 14.62 കോടി രൂപയുടെ നഷ്ടമുണ്ടായതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ അറിയിച്ചു. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽ നാശം സംഭവിച്ചതായി നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രതിനിധിയും അറിയിച്ചു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിലാണ് കണക്കുകൾ കൈമാറിയത്. വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിന് പുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയ്യാറാക്കിയ കണക്കുകളും കളക്ടർ സർക്കാരിന് സമർപ്പിക്കും. കണക്കുകൾ വിശദമായി പരിശോധിച്ച് ശാസ്ത്രീയ പഠനവും കൂടി നടത്തിയ ശേഷമായിരിക്കും സർക്കാർ തുടർ നടപടികളിലേക്ക് കടക്കുകയെന്നാണ്  ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT