യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി പ്രചരണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കമല ഹാരിസ് ഇലക്ഷന്‍ ഫണ്ടിലേക്ക് സ്വരൂപിച്ചത് 200 മില്യണ്‍ ഡോളര്‍. ഞായറാഴ്ചയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രചരണ വിഭാഗം ഏറ്റവും പുതിയ ഫണ്ടു ശേഖരണ കണക്കുകള്‍ പുറത്തു വിട്ടത്. കണക്കുകള്‍ പ്രകാരം കമലയ്ക്ക് ഫണ്ട് നല്‍കിയവരില്‍ 66 ശതമാനവും 2024 തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് സംഭാവന നല്‍കുന്നത്.
ഇതുകൂടാതെ, കമലയുടെ പ്രചരണങ്ങളില്‍ പങ്കാളികളാവാന്‍ 1,70,000 വോളന്‍റിയര്‍മാരാണ് മുന്നോട്ട് വന്നരിക്കുന്നത്. ഫോണ്‍ ബാങ്കിങ്, വോട്ടിനായുള്ള പ്രചരണം എന്നിവയ്ക്കാണ് വോളന്‍റിയര്‍മാര്‍ മുന്നോട്ട് വന്നിരിക്കുന്നത്.
ജൂലൈ മാസത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചരണ വിഭാഗം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 331 മില്യണ്‍ ഡോളറാണ് രണ്ടാം ഘട്ടത്തില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയിരുന്നത്. ആ സമയത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ജോ ബൈഡന് 264 മില്യണ്‍ ഡോളര്‍ മാത്രമാണ് ഫണ്ട് ഇനത്തില്‍ കണ്ടെത്താന്‍ സാധിച്ചത്.
തെരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡന്‍ പിന്മാറിയതിനു ശേഷമാണ് കമല ഹാരിസ് രംഗത്ത് വന്നത്. അതിനു ശേഷം വലിയ തോതിലുള്ള പിന്തുണയാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജനങ്ങളില്‍ നിന്നും കമലയ്ക്ക് ലഭിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബരാക്ക് ഒബാമ അടക്കമുള്ള പ്രമുഖ നേതാക്കള്‍ കമല ഹാരിസിനു പിന്തുണ അറിയിച്ചിരുന്നു. യുഎസ് തെരഞ്ഞെടുപ്പിന് 100 ദിവസങ്ങള്‍ മാത്രം ശേഷിക്കെ ട്രംപിന് ശക്തമായ വെല്ലുവിളിയാണ് കമല നല്‍കുന്നത്.