NEWSROOM

സിദ്ദീഖിന്‍റെ ജാമ്യാപേക്ഷ തള്ളിയതില്‍ സന്തോഷം; SIT അന്വേഷണത്തില്‍ അതൃപ്തിയുണ്ട്; ഡിജിപിക്ക് പരാതി നല്‍കിയെന്ന് പരാതിക്കാരി

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ട് പോകുകയാണ്.

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് പരാതിക്കാരി. എസ്ഐടിയുടെ അന്വേഷണത്തില്‍ അതൃപ്തിയുണ്ട്. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതില്‍ ആശങ്കയുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

എത്രയും പെട്ടെന്ന് ഇതില്‍ നടപടി ഉണ്ടാകണം. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട ഗൗരവസ്വഭാവമുള്ള വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് എസ്ഐടിയുടെ അന്വേഷണത്തിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. ഇക്കാര്യം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലായിരുന്നു സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു നടൻ്റെ ആവശ്യം. എന്നാൽ സിദ്ദീഖിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്. ഡയസ് ജാമ്യാപേക്ഷ തള്ളിയത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദീഖിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ട് പോകുകയാണ്. ഡിഐജി അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം  ചേർന്ന യോഗത്തിൽ തീരുമാനമെടുത്തു. അതേസമയം, ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സിദ്ദീഖ് ഒളിവില്‍പ്പോയി. നടന്‍റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം.

SCROLL FOR NEXT