ഡോ. വന്ദനാ ദാസിനെ രോഗി ആക്രമിച്ച് കൊലപ്പെടുത്തിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വീണ്ടും സുരക്ഷാ വീഴ്ചയെന്ന് പരാതി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ മദ്യലഹരിയിലെത്തി ഡ്യൂട്ടിയില്‍ പ്രവേശിച്ചെന്ന് അധികൃതര്‍ പരാതി നല്‍കി.
സംഭവത്തില്‍ എഴുകോണ്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ പ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആഴ്ചയില്‍ രണ്ട് ദിവസം കൂടുമ്പോഴാണ് ഈ ഉദ്യോഗസ്ഥന് ആശുപത്രിയില്‍ സുരക്ഷാ ചുമതലയുള്ളത്. കഴിഞ്ഞ ദിവസം ഗ്രേഡ് എസ് ഐ അമിതമായി മദ്യപിച്ചെത്തി ബഹളം വെക്കുകയും ഡോക്ടര്‍മാരെ അസഭ്യം പറയുകയും ചെയ്തു. ഇത് ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തു. ഈ സമയത്താണ് എസ് ഐ മദ്യലഹരിയിലാണെന്ന് മനസിലായത്.
പിന്നീട് ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് ഗ്രേഡ് എസ് ഐ പ്രകാശനെ ആശുപത്രിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത് പോയത്. എസ് ഐക്കെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് കൊട്ടാരക്കര റൂറല്‍ പൊലീസ് അറിയിച്ചു.
2023 മെയ് 10ന്് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദനാദാസിനെ മദ്യലഹരിയില്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഡോക്ടറെ കുത്തിക്കൊലപ്പെടുത്തുകായിരുന്നു പ്രതി.