തൃശൂരില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പരാതിയുമായി ബന്ധുക്കള്‍. തൃശൂര്‍ പുതുക്കാട് വടക്കേ തൊറവ് പട്ടത്തില്‍ വീട്ടില്‍ അനഘ (25)യാണ് ആത്മഹത്യ ചെയ്തത്. അനഘയുടെ ഭര്‍ത്താവ് പുതുക്കാട് സ്വദേശി ആനന്ദ് കൃഷ്ണനെതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.
പ്രണയത്തില്‍ ആയിരുന്ന അനഘയും ആനന്ദും ജനുവരി നാലിന് രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഇത് അറിഞ്ഞ ബന്ധുക്കള്‍ ഏപ്രില്‍ 21ന് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തി. തുടര്‍ന്ന് സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് ആനന്ദും മാതാവും അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും വിവാഹ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്ന യുവതി കഴിഞ്ഞ മാസം ഒൻപതിന് ബന്ധുവിന്റെ വീട്ടില്‍ വെച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഒന്നര മാസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.
യുവാവിന്റെയും അമ്മയുടെയും നിരന്തരമായ ഭീഷണിയെ തുടര്‍ന്നുള്ള മനോവിഷമമാണ് അനഘയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനോട് പറഞ്ഞിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം കേകസില്‍ യുവാവിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വരികയാണെന്നുമാണ് പുതുക്കാട് എസ്എച്ച്ഒ വി. സജീഷ് കുമാര്‍ അറിയിച്ചത്.