NEWSROOM

നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള കെട്ടിടം കുറഞ്ഞ വാടകയ്ക്ക്; ഓസ്കർ ഇവൻ്റസിന് തൃശൂർ കോർപ്പറേഷൻ വഴിവിട്ട് സഹായം ചെയ്തെന്ന് പരാതി

തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓസ്കർ ഇവൻ്റ്സുമായി കോർപ്പറേഷന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നാണ് ആരോപണം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരമായ ബിനി ടൂറിസ്റ്റ് ഹോം, ഓസ്കാർ ഉടമ പി.എസ് ജെനീഷിന് വാടകയ്ക്ക് നൽകിയത് സംബന്ധിച്ചാണ് ഇപ്പോൾ പരാതികൾ ഉയരുന്നത്.

Author : ന്യൂസ് ഡെസ്ക്


ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെ വിവാദത്തിൽപ്പെട്ട ഓസ്കർ ഇവൻ്റസിന് തൃശൂർ കോർപ്പറേഷൻ വഴിവിട്ട സഹായങ്ങൾ ചെയ്തതായി പരാതി. ഓസ്കർ ഉടമ ജെനീഷ് പി എസിന് കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരം കൈമാറിയത് സംബന്ധിച്ചാണ് പരാതി. നഗരത്തിലെ കണ്ണായ സ്ഥലത്തുള്ള കെട്ടിടം ജെനീഷിന് കുറഞ്ഞ വാടകക്ക് കൈമാറിയതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം.

തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓസ്കർ ഇവൻ്റ്സുമായി കോർപ്പറേഷന് വഴിവിട്ട ബന്ധങ്ങളുണ്ടെന്നാണ് ആരോപണം. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരമായ ബിനി ടൂറിസ്റ്റ് ഹോം, ഓസ്കാർ ഉടമ പി.എസ് ജെനീഷിന് വാടകയ്ക്ക് നൽകിയത് സംബന്ധിച്ചാണ് ഇപ്പോൾ പരാതികൾ ഉയരുന്നത്. കുറഞ്ഞ വാടകയ്ക്ക് ജെനീഷിന് കെട്ടിടം കൈമാറിയതിന് പിന്നിൽ വൻ അഴിമതിയുണ്ട്. ഭരണ - പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ നേതാക്കളുടെയും അറിവോടെയാണ് ഈ വഴിവിട്ട നീക്കങ്ങൾ നടന്നിട്ടുള്ളതെന്നും പരാതിക്കാരനായ അഭിഭാഷകൻ കെ പ്രമോദ് പറയുന്നു.

നഗരത്തിലെ കണ്ണായ സ്ഥലത്ത് പ്രവർത്തിക്കുന്ന ബിനി ടൂറിസ്റ്റ് ഹോമം ജെനീഷിന് നൽകുന്നതിനായി നിരവധി കരാർ ലംഘനങ്ങളാണ് നടത്തിയത്. കെട്ടിടത്തിനായി ഓഫർ അപേക്ഷകൾ നൽകിയ മറ്റ് നാല് പേരെ ഇതിനായി ഒഴിവാക്കി. കരാർ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി കെട്ടിടം പൊളിച്ച് പണിയാനുള്ള അനുമതിയും നൽകി. നവീകരണം പൂർത്തിയാക്കിയ ബഹുനില കെട്ടിടം അധികൃതരുടെ അറിവോടെയാണ് വ്യവസ്ഥകൾ ലംഘിച്ച് കീഴ്വാടക്ക് നൽകിയത്, എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

ബിനി ടൂറിസ്റ്റ് ഹോം നടത്തിപ്പിനായി കോർപ്പറേഷന് നിലവിൽ 7.5 ലക്ഷം രൂപ വാടക നൽകുന്ന ജെനീഷ്, കീഴ്വാടകകാരിൽ നിന്ന് 30 ലക്ഷം രൂപ കൈപ്പറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. അധികൃതരുടെ അറിവോടെ നടക്കുന്ന ഈ കരാർ ലംഘനം ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരാതികളുണ്ടായിട്ടും വിഷയത്തിൽ കോർപ്പറേഷൻ തുടർ നടപടികൾ സ്വീകരിക്കാത്തതിന് എതിരെ വിജിലൻസിനെ സമീപിക്കുമെന്നും പ്രമോദ് പറയുന്നു.



SCROLL FOR NEXT