NEWSROOM

'വയലന്‍സിന്‍റെ അതിപ്രസരമുള്ള ചിത്രം'; മാർക്കോ 18 വയസിനു താഴെയുള്ളവരെയും കാണിക്കുന്നുവെന്ന് പരാതി

മാർക്കോയിലെ വയലന്‍സ് രംഗങ്ങളെ ചൊല്ലി സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ വലിയ തോതില്‍ ചർച്ചകള്‍ ഉയർന്നിരുന്നു

Author : ന്യൂസ് ഡെസ്ക്

ഉണ്ണി മുകുന്ദന്‍ നായകനായ മാർക്കോ സിനിമയ്‌ക്കെതിരെ പരാതി. എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമ 18 വയസ്സിൽ താഴെയുള്ള കുട്ടികളെയും കാണിക്കുന്നുവെന്നാണ് പരാതി. കെപിസിസി അംഗം അഡ്വ ജെ.എസ്. അഖിലാണ് സെൻസർ ബോർഡിനും സംസ്ഥാന ബാലാവകാശ കമ്മീഷനും പരാതി നൽകിയത്.

എ സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയാണ് മാർക്കോ. ഈ ചിത്രം കാണുന്നതിന് 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് തിയേറ്ററുകളില്‍ നിയന്ത്രണങ്ങളില്ലെന്നും അഖില്‍ പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും അസ്വസ്ഥത ജനിപ്പിക്കുന്ന സന്ദർഭങ്ങളുള്ള സിനിമയാണ് മാർക്കോയെന്ന് ചൂണ്ടിക്കാണിച്ച അഖില്‍ ഇത് കുട്ടികളെ തെറ്റായി സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടി. 

മാർക്കോയിലെ വയലന്‍സ് രംഗങ്ങളെ ചൊല്ലി സിനിമ ഇറങ്ങുന്നതിനു മുന്‍പ് തന്നെ വലിയ തോതില്‍ ചർച്ചകള്‍ ഉയർന്നിരുന്നു. 'മോസ്റ്റ് വയലന്‍റ് ഫിലിം' എന്ന തരത്തിലാണ് സിനിമയുടെ പ്രമോഷന്‍ അടക്കം അണിയറ പ്രവർത്തകർ നടത്തിയത്. തിയേറ്ററുകളില്‍ വന്‍ കളക്ഷനോടെ മുന്നേറുന്ന സിനിമ കാണാന്‍ പലരും കുട്ടികളുമായി എത്തുന്നതില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങള്‍ വരുന്നുണ്ട്. ഇത്തരത്തില്‍ എ സർട്ടിഫിക്കറ്റ് കിട്ടിയ ഒരു ചിത്രം കാണാന്‍ 18 വയസിനു താഴെയുള്ള കുട്ടികളുമായി വരുന്നത് തടയണമെന്നാണ് അഖില്‍ ആവശ്യപ്പെടുന്നത്.


ഹനീഫ് അദേനിയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രത്തിന്‍റെ നിർമാണം. ഇതിനകം 31 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍റെ ആദ്യ നൂറു കോടി ചിത്രമായി മാർക്കോ മാറിയേക്കുമെന്നാണ് ട്രേഡ ്അനലിസ്റ്റുകളുടെ വിലയിരുത്തല്‍.  

SCROLL FOR NEXT