മർദനമേറ്റ മുഹമ്മദ് സെയ്ദും അച്ഛൻ നാസറും 
NEWSROOM

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും അകാരണമായി മർദിച്ചെന്ന് പരാതി; എസ്ഐയ്ക്ക് സസ്പെൻഷൻ

മകൻ സെയ്ദു താനൊരു കെഎസ്‌യു പ്രവർത്തകാണെന്ന് പറഞ്ഞപ്പോൾ പൊലീസ് മർദിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്

കൊല്ലത്ത് ബസ് കാത്തുനിന്ന അച്ഛനെയും മകനെയും അകാരണമായി മർദിച്ചെന്ന പരാതിയിൽ എസ്ഐയ്ക്ക് സസ്പെൻഷൻ. കൊല്ലം ഈസ്റ്റ് എസ്ഐ സുമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് എസിപിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് എസ്ഐ ടി.സുമേഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണിൻ്റേതാണ് നടപടി.


ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ട്രെയിൻ വന്നിറങ്ങിയ നാസറും മകൻ മുഹമ്മദ് സെയ്ദും കരിക്കോട്ടെ വീട്ടിലേക്ക് പോകാൻ ചിന്നക്കടയിൽ ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയത്ത് സമീപത്തെ തട്ടുകടയിൽ നിന്ന് പൊലീസും ചിലരുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെയാണ് റോഡിന് സമീപം നിൽക്കുകയായിരുന്ന നാസറിനെയും സെയ്ദിനെയും പൊലീസ് കാണുന്നത്. പിന്നാലെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസെത്തി മർദിക്കുകയായിരുന്നെന്നാണ് പരാതി. മകനായ സെയ്ദു കെഎസ്‌യു പ്രവർത്തകാണെന്ന് പറഞ്ഞപ്പോൾ പൊലീസ് മർദിച്ചെന്നും പരാതിയില്‍ പറയുന്നു.

അതേസമയം ഇരുവരും പ്രകോപനപരമായി സംസാരിച്ചെന്നും തന്നെയും മർദിച്ചെന്നുമായിരുന്നു എസ്ഐ സുമേഷ് നൽകിയ വിശദീകരണം. സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.

SCROLL FOR NEXT