NEWSROOM

അർജുന്‍റെ കുടുംബത്തിന്‍റെ പരാതി; പ്രതിപ്പട്ടികയില്‍ നിന്നും മനാഫിനെ ഒഴിവാക്കും?

കോഴിക്കോട് കമ്മീഷണർക്ക് അർജുന്‍റെ സഹോദരി അഞ്ജു നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്

Author : ന്യൂസ് ഡെസ്ക്

സൈബർ ആക്രണത്തില്‍ അർജുന്‍റെ കുടുംബം നൽകിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസിൽ നിന്നും മനാഫിനെ ഒഴിവാക്കിയേക്കും. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിന് മുന്നിൽ കുടുംബം നൽകിയ മൊഴിയിൽ മനാഫിന്‍റെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ ഒഴിവാക്കാനുള്ള അന്വേഷണ സംഘത്തിൻ്റെ നീക്കം .

പ്രതിപ്പട്ടികയിൽ നിന്ന് മനാഫിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. മെഡിക്കൽ കോളേജ് എസിപിയാണ് അന്വേഷണത്തിനു നേതൃത്വം കൊടുക്കുന്നത്.

കോഴിക്കോട് കമ്മീഷണർക്ക് അർജുന്‍റെ സഹോദരി അഞ്ജു നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അര്‍ജുന്റെ ചിത്രം ഉപയോഗിച്ച് ലോറി ഉടമ മനാഫ് എന്ന പേരില്‍ ഇയാള്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഇത് വഴി അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കുടുംബം പത്രസമ്മേളനത്തിലൂടെ നടത്തിയ പ്രസ്താവനകളെ വെച്ച് സൈബര്‍ അറ്റാക്ക് നടത്താനും, സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്താനും മനാഫ് കാരണക്കാരനായെന്നും പരാതിയില്‍ പറയുന്നു.

 വൈകാരികതയെ ചിലർ ചൂഷണം ചെയ്യുന്നുവെന്നും, സമൂഹ മാധ്യമങ്ങളിൽ സൈബർ അറ്റാക്ക് നേരിടുന്നുവെന്നും ഉൾപ്പെടെയുള്ള വിമർശനങ്ങളാണ് അർജുൻ്റെ കുടുംബം വാർത്താസമ്മേളനങ്ങളില്‍ അടക്കം ഉന്നയിച്ചിരുന്നത്. ലോറി ഉടമയുടെ സഹോദരന്‍ മനാഫിനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. മനാഫ് അർജുന്‍റെ പേരിൽ പണം പിരിക്കുന്നുവെന്നായിരുന്നു അർജുൻ്റെ കുടുംബത്തിന്‍റെ ആരോപണം.

എന്നാല്‍, അർജുൻ്റെ കുടുംബത്തെ വെച്ച് മുതലെടുപ്പിന് ശ്രമിച്ചിട്ടില്ലെന്നും പണപ്പിരിവ് നടത്തിയിട്ടില്ലെന്നും ലോറി ഉടമ മനാഫ് വാർത്താസമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. വൈകാരികമായി പ്രതികരിച്ചതിൽ അർജുൻ്റെ കുടുംബത്തോട് മനാഫ് ക്ഷമയും ചോദിച്ചിരുന്നു.

SCROLL FOR NEXT