കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത ഗ്രാമ പഞ്ചായത്തായ വാണിമേലിൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയിട്ടും ഒഴിവുകൾ നികത്തുന്നില്ലെന്ന് ആരോപണം. പഞ്ചായത്തിൻ്റ പ്രവർത്തനങ്ങളും വിലങ്ങാട് പുനരധിവാസവും പ്രതിസന്ധിയിലായതിൽ പ്രധിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.
വിലങ്ങാട് ഉരുൾപൊട്ടൽ കഴിഞ്ഞ് ഒന്നരമാസം തികയുന്നതിനു മുൻപാണ് വളരെ സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, വി.ഇ.ഒ.മാർ, സീനിയർ ക്ലാർക്ക്, സാമൂഹ്യക്ഷേമ സൂപ്പർവൈസർ തുടങ്ങി ഒട്ടേറെ ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റം ലഭിച്ച് വാണിമേലിൽ നിന്ന് മാറിപ്പോയത്. രണ്ട് സീനിയർ ക്ലാർക്ക്, ഒരു ഓവർസിയർ, ഒരു ജൂനിയർ ക്ലാർക്ക് തുടങ്ങിയവരുടെ ഒഴിവുകൾ നിലനിൽക്കേയാണ് പുതിയ സ്ഥലംമാറ്റവും വന്നത്.
READ MORE: കോഴിക്കോട് കരുവന്തിരുത്തിയില് കുടിവെള്ളം മുടങ്ങിയിട്ട് 14 ദിവസം; 3000 കുടുംബങ്ങള്‍ ദുരിതത്തില്‍
ഗ്രാമപ്പഞ്ചായത്തിൻ്റെ ദൈനംദിനപ്രവർത്തനങ്ങൾക്കും പുറമേ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ അധികഭാരം കൂടിയുള്ളപ്പോഴാണ് കൂട്ട സ്ഥലംമാറ്റം. ഒട്ടേറെ പ്രാവശ്യം കളക്ടർ ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്ന് വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് പി. സുരയ്യ പറയുന്നു. ഇത്രയധികം സ്ഥലംമാറ്റങ്ങൾ ഒന്നിച്ചുണ്ടാകുന്നത് ഗുരുതരമായ ഭരണപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനെതിരേ ദുരിതബാധിതരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.