കോഴിക്കോട് കാരശ്ശേരിയിൽ വ്യവസായ പാർക്ക് തുടങ്ങാൻ നിക്ഷേപകരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ചതായി പരാതി. പാർക്ക് വരുന്നുണ്ടെന്നു പറഞ്ഞു കാരശ്ശേരി മരഞ്ചാട്ടി സ്വദേശി അബ്ദുൽ സലാമാണ് നിക്ഷേപകരിൽ നിന്ന് പണം തട്ടിയത്. സർക്കാർ സംവിധാനത്തിലാണ് പാർക്ക് പ്രവർത്തിക്കുക എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണപ്പിരിവ്.
ലാഭം വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ഷെയറിന് 5 ലക്ഷം രൂപ വരെയാണ് അബ്ദുൽ സലാം പിരിച്ചെടുപ്പിച്ചത്. പ്രവാസികൾ ഉൾപ്പെടെയുള്ളവർ ഇതിലേക്ക് പണം നിക്ഷേപിച്ചിരുന്നു. പണം വാങ്ങിയതിന് താത്കാലിക റെസിപ്റ്റാണ് അബ്ദുൽ സലാം നൽകിയത്. ഏതെങ്കിലും ഘട്ടത്തിൽ പണം തിരികെ വേണമെന്ന് തോന്നിയാൽ 11 മാസത്തിനകം തിരികെ നൽകാമെന്ന് നിക്ഷേപകർക്ക് ഉറപ്പും നൽകിയിരുന്നു.
ALSO READ: ആ ഷവർമ താടീ..,വാശി തല്ലായി; കൊല്ലത്ത് കടയുടമയായ ജീവനക്കാരിക്ക് മർദനം, യുവാവ് അറസ്റ്റിൽ
എന്നാൽ പണം നിക്ഷേപിച്ചിട്ടും ലാഭം കിട്ടാത്തതിനെ തുടർന്ന് ഏഴുപേർ പരാതിയുമായി വന്നു. രണ്ടുമാസത്തിനുള്ളിൽ ഇവർക്ക് പണം തിരികെ നൽകാമെന്ന് അബ്ദുസ്സലാം ഉറപ്പുനൽകി. എന്നാൽ ഇതും ലംഘിക്കപ്പെട്ടതോടെ നിക്ഷേപകർ തിരുവമ്പാടി പൊലീസിൽ പരാതി നൽകി. പിന്നീട് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായവരെ കണ്ടെത്തി 40 പേരുള്ള ആക്ഷൻ കമ്മറ്റി രൂപീകരിക്കുകയും ചെയ്തു .
പൊലീസ് അബ്ദുസ്സലാമിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് തട്ടിപ്പിനിരായ ആളുകൾ പറയുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നത്.