തൃശൂർ പുതുക്കാട് മറ്റത്തൂരിൽ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെയും സർക്കാരിനെയും കബളിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കോടശ്ശേരി പഞ്ചായത്തിലെ റിസർവ്വ് വനഭൂമി വ്യാജപട്ടയം നിർമിച്ച് പോക്കുവരവ് നടത്തി വിൽപ്പന നടത്തിയെന്നും ഭൂമിയിൽ നിന്നും വൻതോതിൽ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയെന്നുമാണ് പരാതി. പൊതുപ്രവർത്തകൻ അജിത് കൊടകരയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പൊതുപ്രവർത്തകന്റെ പരാതിയെ തുടർന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.
തൃശൂർ മറ്റത്തൂർ പഞ്ചായത്തിലെ വാർഡ് 17 ഇത്തുപാടത്തെ സംരക്ഷിത വനഭൂമി വ്യാജപട്ടയം ഉപയോഗിച്ച് സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്നും ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തിയെന്നുമാണ് പരാതി. മറ്റത്തൂർ പഞ്ചായത്തിന് കീഴിൽ 2018 ലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഒൻപത് കുടുംബങ്ങളാണ് വഞ്ചിക്കപ്പെട്ടത്. സംരക്ഷിത വനഭൂമിയിലാണ് വീടുകൾ നിർമിച്ചതെന്നും വ്യാജ ആധാരമാണ് ലഭിച്ചതെന്നും വ്യക്തമായതോടെ ഒൻപത് കുടുംബങ്ങളും ഇപ്പോൾ കടുത്ത ആശങ്കയിലാണ്.
കോടശ്ശേരി വില്ലേജിന്റെ പരിധിയിൽപ്പെട്ട റിസർവ്വ് വനഭൂമി വ്യാജപട്ടയം നിർമിച്ച് പോക്കുവരവ് നടത്തി വിൽപ്പന നടത്തിയെന്നും വിൽപ്പനക്ക് മുൻപ് ഭൂമിയിൽ നിന്നും വൻതോതിൽ കുന്നിടിച്ച് മണ്ണെടുപ്പ് നടത്തിയെന്നുമാണ് പരാതിക്കാരനായ അഡ്വക്കേറ്റ് അജിത് കൊടകര ആരോപിക്കുന്നത്. കോടശ്ശേരി വില്ലേജിൽ ഉൾപ്പെട്ട മറ്റത്തൂർ വില്ലേജിൽ പോക്കു വരവ് നടത്തിയതിലും ലൈഫ് പദ്ധതിയുടെ ഇളവുകൾ ഉപയോഗിച്ച് വിൽപ്പന നടത്തിയതിനും പിന്നിൽ വൻ അഴിമതിയുണ്ടെന്നും അജിത്ത് പറയുന്നു.
മറ്റത്തൂർ വില്ലേജ് ഓഫീസിന് കീഴിൽ നടന്ന അനധികൃത ഇടപാടിനെ തുടർന്ന് 27 സെന്റ് സംരക്ഷിത വനഭൂമി സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തിയെന്നും പിന്നീട് കൈമാറ്റം ചെയ്തെന്നും കോടശ്ശേരി വില്ലേജ് ഓഫീർ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചാലക്കുടി ഭൂരേഖ തഹസിൽദാർക്ക് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകി. ഇക്കാര്യങ്ങൾ കൂടി വ്യക്തമാക്കിയാണ് അഡ്വക്കറ്റ് അജിത് കൊടകര റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ റവന്യൂ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.