NEWSROOM

ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പ്രതി ചേർക്കണം; കടയ്ക്കൽ വിപ്ലവഗാന വിവാദത്തിൽ ഡിജിപിക്ക് പരാതി

സിപിഐഎം നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രത്തിൽ ഉപദേശക സമിതി അംഗങ്ങളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം

Author : ന്യൂസ് ഡെസ്ക്

കടയ്ക്കൽ ദേവീക്ഷേത്രത്തിലെ വിപ്ലവഗാന വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വിഷ്ണു സുനിലാണ് ഡിജിപിക്ക് പരാതി നൽകിയത്.

നേരത്തെ നൽകിയ പരാതിയിൽ ഗാനം ആലപിച്ച അലോഷി ആദത്തിനെ മാത്രം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്. സിപിഐഎം നിയന്ത്രണത്തിൽ ഉള്ള ക്ഷേത്രത്തിൽ ഉപദേശക സമിതി അംഗങ്ങളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം. ഇതോടെയാണ് വിഷ്ണു സുനിൽ ഡിജിപിക്ക് പരാതി നൽകിയത്. പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കേസ് എടുക്കാത്തതിനാൽ ഹൈക്കോടതി വിമർശനം ഉണ്ടായിരുന്നു. ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ, ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ്‌ ഓഫീസർ എന്നിവരെ കൂടി പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്.

വിപ്ലവ ഗാന വിവാദത്തിൽ കേസെടുത്തതിൽ ഗായകൻ അലോഷി ആദം നേരത്തെ പ്രതികരിച്ചിരുന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് ഗായകൻ അലോഷി പ്രതികരിച്ചു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ആണ് ഗാനമേളയിൽ പാട്ട് പാടുന്നത്, ആസ്വാദകരുടെ ആവശ്യത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും അലോഷി ആദം പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് വിപ്ലവ ഗാന വിവാദത്തിൽ ഗായകൻ അലോഷി ആദത്തിനെതിരെ കേസെടുത്തത്. കേസിൽ ഒന്നാം പ്രതിയാണ് അലോഷി. ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ട് പേരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനിൽകുമാറിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മത സ്ഥാപനങ്ങൾ ( ദുരുപയോഗം തടയൽ) നിയമത്തിലെ 3, 5, 6, 7 വകുപ്പുകൾ പ്രകാരമാണ് കേസ്.

SCROLL FOR NEXT