മെറ്റ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം ഡൗണായതായി പരാതി. ഇന്ത്യയിലുടനീളമുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്നതിൽ തടസം നേരിട്ടതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെ 11:15 ഓടെയാണ് ആപ്പ് ആക്‌സസ് ചെയ്യാനാകാതെ വന്നത് എന്നാണ് ക്രൗഡ് സോഴ്‌സ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടർ വ്യക്തമാകുന്നത്.
64% ഉപയോക്താക്കൾക്കും ആപ്പിൽ ലോഗിൻ ചെയ്യുന്നതിൽ പ്രശ്നം നേരിട്ടതായാണ് ഡൗൺഡിറ്റക്ടർ ഡാറ്റ കാണിക്കുന്നത്. 24% ഉപയോക്താക്കൾക്ക് സെർവർ കണക്ഷൻ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എക്സിലൂടെയാണ് ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നതായി ഉപയോക്താക്കൾ അറിയിച്ചത്. ആപ്പ് ഡൗൺ ആയതോടെ ഇതേപ്പറ്റിയുള്ള ട്രോളുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഇതാദ്യമായല്ല ഇൻസ്റ്റഗ്രാമിൽ പ്രശ്നമുണ്ടാവുന്നത്. മുമ്പ് ജൂൺ മാസത്തിലും ഇങ്ങനെ ഒരു ആക്സസ് പ്രശ്നം ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ നേരിട്ടിരുന്നു. ഏകദേശം 6,500-ലധികം ഉപയോക്താക്കൾക്ക് ആപ്പ് ആക്സസ് ചെയ്യുന്നതിൽ പ്രശ്നങ്ങൾ നേരിട്ടെന്നായിരുന്നു അന്ന് വന്ന റിപ്പോർട്ട്. ഡൽഹി, ജയ്പൂർ, ലഖ്‌നൗ, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്കാണ് ഇന്ന് ആപ്പ് ഉപയോഗിക്കുന്നതിൽ പ്രശ്നം നേരിട്ടത്.