പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മുവിൽ പൂർണമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് (എൽഒസി) സമീപം സൈറണുകൾ കേൾക്കുകയും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനെ തുടർന്നാണ് ജമ്മു ബ്ലാക്ക് ഔട്ടിലേക്ക് നീങ്ങിയത്.
അതിർത്തി മേഖലയിൽ സംഘർഷം വർധിച്ചുവരികയാണ്. ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളിലെ നിയന്ത്രണ രേഖയ്ക്ക് സമീപം നേരത്തെയും സ്ഫോടന ശബ്ദങ്ങൾ കേട്ടിരുന്നു. പാക് സേനയുടെ ഭാഗത്ത് നിന്നും കനത്ത ഷെല്ലിങ്ങ് നടക്കുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.
അതേസമയം, ജമ്മു കാശ്മീരിലെ സാംബാ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ (ഐബി) ഭീകരവാദികൾ എന്ന് സംശയിക്കപ്പെടുന്നവരുടെ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി അതിർത്തി രക്ഷാ സേന തന്നെയാണ് സ്ഥിരീകരിച്ചത്.
"2025 മെയ് 8 ന് ഏകദേശം 2300 മണിക്കൂറോടെ, ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഒരു വലിയ നുഴഞ്ഞുകയറ്റ ശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി," അതിർത്തി രക്ഷാ സേന എക്സിലൂടെ അറിയിച്ചു. സുരക്ഷാ സേനയുമായി നടന്ന വെടിവെപ്പിൽ ഏതെങ്കിലും ഭീകരവാദി കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. രാവിലെ പ്രദേശത്ത് സമഗ്രമായ തിരച്ചിലിന് ശേഷം കാര്യങ്ങൾ വ്യക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. ജമ്മുവിലെ നൗഷേര സെക്ടറിൽ ഇന്ത്യൻ സൈന്യം രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി പ്രതിരോധ വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.