പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഐഎസ്ആർഒ തലവൻ എസ്. സോമനാഥ്. അറുപതാമത്തെ വയസിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിൻ്റെ (ഐ.ഐ.ടി. മദ്രാസ്) മെക്കാനിക്കൽ എൻജിനീയറിങ്ങ് വിഭാഗത്തിൽ നിന്നും പിഎച്ച്ഡി പൂർത്തിയാക്കിയതിൻ്റെ നിറവിലാണ് അദ്ദേഹം.
ഇന്ത്യൻ ശാസ്ത്ര വളർച്ചയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും, ഇന്ത്യയുടെ മൂന്നാമത്തെ ആളില്ലാ ചാന്ദ്രദൗത്യം വിജയകരമായി വിക്ഷേപിച്ചതിൽ പ്രധാന പങ്ക് വഹിച്ചതിനെയും ആദരിക്കുന്നതിനായി ഐ.ഐ.ടി. മദ്രാസ് നിയമങ്ങളിൽ ഇളവ് വരുത്തിയാണ് 61 ാമത് കോൺവൊക്കേഷൻ ചടങ്ങിൽ വെച്ച് ഡോക്ടറേറ്റ് നൽകിയത്. വൈബ്രേഷൻ റെസ്പോൺസ് സ്റ്റഡീസ് ഓൺ മോഡിഫൈഡ് ഹൈപ്പർ ഇലാസ്റ്റിക്ക് മെറ്റീരിയൽ മോഡൽസ് ഫോർ ആപ്ലിക്കേഷൻ എയർസ്പെയ്സ് സിസ്റ്റംസ് എന്ന വിഷയത്തിലാണ് എസ്. സോമനാഥ് പ്രബന്ധം സമർപ്പിച്ചത്. ഐഐടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി കാമകോട്ടിയും, ഗവർണേഴ്‌സ് ബോർഡ് ചെയർമാൻ ഡോ. പവൻ ഗോയങ്കയും ചേർന്ന് അദ്ദേഹത്തിന് ബിരുദം കൈമാറി.
"ഐഎസ്ആർഒ ചെയർമാനായിരുന്നപ്പോൾ ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾക്ക് പത്തോളം പിഎച്ച്ഡി ലഭിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തമായി പ്രബന്ധം സമർപ്പിച്ച് പിഎച്ച്ഡി സ്വന്തമാക്കണമെന്ന് എല്ലായ്‌പ്പോഴും ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് ജിയോസിങ്ക്രോണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ വികസിപ്പിക്കുന്ന ഘട്ടത്തിൽ പിഎച്ച്ഡിക്ക് ചേർന്നത്. ഞാൻ ഈ ജോലിയിൽ മുഴുകിയിരുന്നതിനാൽ പിഎച്ച്ഡിക്ക് വേണ്ടി പരിശ്രമിക്കാൻ പലപ്പോഴും സാധിച്ചിരുന്നില്ല. എന്നാൽ ഐഎസ്ആർഒ തലവനായിരിക്കുന്ന ഈ അവസരത്തിൽ ഇത് ലഭിക്കുമ്പോൾ ഏറെ സന്തുഷ്ടനാണ്." എസ്. സോമനാഥ് പറഞ്ഞു. ഇന്നിവിടെ നിൽക്കുമ്പോൾ, കേരളത്തിൽ നിന്നും സയൻസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയിട്ടും, ഐഐടിയിലേക്കുള്ള പ്രവേശന പരീക്ഷ പോലും എഴുതാൻ ധൈര്യമില്ലാതിരുന്ന ഒരു നാട്ടിൻപുറത്തുകാരനായ പയ്യനെ ഓർക്കുന്നു. എന്നിട്ടും, മനസിൽ ആ സ്വപ്നം സൂക്ഷിച്ചതിൻ്റെ ഫലമാണ് ഇന്ന് സ്വന്തമാക്കിയ ഈ നേട്ടമെന്നും എസ്. സോമനാഥ് പറഞ്ഞു.