തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ രൂക്ഷവിമർശനങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നുവെന്നും എങ്ങനെ പണം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്നും എം.വി ഗോവിന്ദന്‍ നിരീക്ഷിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴെത്തട്ടിൽ നിന്നും പാർട്ടിക്ക് തന്ന കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയാണെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി താഴെത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും ഉന്നയിച്ചു.
ജനങ്ങളോട് വിനയത്തോടെ പെരുമാറുകയും മരണവും വിവാഹവും ഉൾപ്പെടെ പ്രദേശത്തെ വിഷയങ്ങളിൽ പാർട്ടി അംഗങ്ങൾ സജീവമായി നിൽക്കുകയും ചെയ്യണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കരുതെന്നും പാർട്ടി അംഗങ്ങൾ പോയില്ലെങ്കിലും അനുഭാവികൾ ഇടപെടുകയും വിശ്വാസികളെ കൂടെ നിർത്തുകയും ചെയ്യണമെന്നുമുള്ള നിർദേശങ്ങളാണ് എം.വി ഗോവിന്ദന്‍ മുന്നോട്ട് വെച്ചത്.