NEWSROOM

"അധിക്ഷേപത്തെ അപലപിക്കുന്നു, ആവശ്യമെങ്കിൽ നിയമസഹായം നൽകും"; ഹണി റോസിന് പൂർണപിന്തുണയുമായി A.M.M.A

അധിക്ഷേപങ്ങളെ അപലപിക്കുന്നുവെന്നും, ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും A.M.M.A വാർത്താക്കുറിപ്പിലൂടെ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ നടി ഹണി റോസിന് പിന്തുണയുമായി താരസംഘടനയായ A.M.M.A. അധിക്ഷേപങ്ങളെ അപലപിക്കുന്നുവെന്നും, ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും A.M.M.A വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തന്റെ പിറകെ നടന്ന് ഉപദ്രവിക്കുകയായിരുന്ന വ്യക്തിക്കെതിരെയാണ് പോസ്റ്റിട്ടത് എന്ന് ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അഭിഭാഷകരുടെ നിർദേശമുള്ളത് കൊണ്ട് മാത്രമാണ് പേര് വെളിപ്പെടുത്താത്തത്. ഇനിയും ഉപദ്രവം തുടർന്നാൽ തീർച്ചയായും പരാതി നൽകും. അയാൾ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കിടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഉപ്രദവം ആരംഭിച്ചതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടൻ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയിൽ ഒരാൾക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആർക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.

അതേസമയം സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന ഹണി റോസിൻ്റെ പരാതിയിൽ ഒരാൾ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. നടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT