NEWSROOM

സര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം; എഐസിസിക്ക് പരാതി നല്‍കണമെന്ന് ഒരു വിഭാഗം

സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിട്ടും തിരുത്താന്‍ ശശി തരൂര്‍ തയ്യാറായിട്ടില്ല.

Author : ന്യൂസ് ഡെസ്ക്


സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെതിരെ പടയൊരുക്കം തുടങ്ങി കോണ്‍ഗ്രസിലെ ഒരു വിഭാഗം. നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരൂരിനെതിരെ ഔദ്യോഗികമായി എഐസിസിക്ക് പരാതി നല്‍കണമെന്നാണ് ആവശ്യം. ലേഖനം വിവാദമായിട്ടും നിലപാട് തിരുത്താന്‍ തയ്യാറാവാത്തതില്‍ ശശി തരൂരിനെതിരെ പാര്‍ട്ടിയില്‍ കടുത്ത അമര്‍ഷമുണ്ട്.


സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ലേഖനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ത്തിട്ടും തിരുത്താന്‍ ശശി തരൂര്‍ തയ്യാറായിട്ടില്ല. ഇതോടെയാണ് ശശി തരൂരിനെതിരെ നിലപാട് കടുപ്പിക്കാന്‍ നേതാക്കളില്‍ തന്നെ ഒരു വിഭാഗത്തിന്റെ തീരുമാനം. നിരന്തരം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് എഐസിസിക്ക് കത്ത് നല്‍കാന്‍ കെപിസിസിയോട് ആവശ്യപ്പെട്ടേക്കും.

കെപിസിസി ഔദ്യോഗികമായി കത്ത് നല്‍കിയില്ലെങ്കില്‍ സ്വന്തം നിലയില്‍ വിഷയം ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാനും ചില നേതാക്കള്‍ പദ്ധതിയിടുന്നുണ്ട്. കെ-റെയില്‍ വിഷയത്തില്‍ ഉള്‍പ്പെടെ തരൂര്‍ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാണിച്ചാണ് ഇവരുടെ നീക്കം. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ശശി തരൂരിന്റെ ശ്രമമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയരുന്ന വിമര്‍ശനം.


തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കെ തരൂരിന്റെ ലേഖനം പാര്‍ട്ടിക്ക് ദോഷകരമാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ പ്രശ്‌നം വഷളാക്കാതെ പറഞ്ഞു തീര്‍ക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം മണ്ഡലത്തിലും ശശി തരൂര്‍ സജീവമാകുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. തരൂരിനെ പരസ്യമായി തള്ളി കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടലുണ്ടാകാന്‍ സാധ്യതയുണ്ട്.

SCROLL FOR NEXT