NEWSROOM

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പദയാത്രയിൽ സംഘർഷം; മലപ്പട്ടത്ത് യൂത്ത് കോൺഗ്രസ് - സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ മലപ്പട്ടത്ത് സിപിഐഎം - കോൺഗ്രസ് സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിലുള്ള പദയാത്ര മലപ്പട്ടം സെൻ്ററിൽ എത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയത്. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. വടിയും കുപ്പികളും പരസ്പരം വലിച്ചെറിഞ്ഞു. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഇരുവിഭാ​ഗങ്ങളും രണ്ട് ഭാ​ഗത്തായി നിന്ന് പോ‍‍ർവിളിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഇരുവിഭാ​ഗങ്ങളും വിളിച്ചുകൊണ്ടാണ് സംഘ‍ർഷാവസ്ഥ രൂക്ഷമായത്. കെ. സുധാകരൻ്റെ ഉദ്ഘാടന പ്രസം​ഗം കഴിഞ്ഞതിന് തൊട്ടുപിന്നാലെ ഒരു പ്രവ‍ർത്തകന് മർദനമേറ്റു എന്നാണ് കോൺ​ഗ്രസ് പ്രവ‍ർത്തകർ പറയുന്നത്. അദ്ദേഹവുമായി കെ. സുധാകരൻ്റെ അടുത്തേക്കെത്തണമെന്ന് പറഞ്ഞു. അതിന് വിസമ്മതിക്കുകയും, അയാളെ ആശുപത്രിയിലേക്കാണ് കൊണ്ടപോകേണ്ടതെന്ന് പറഞ്ഞ് സിപിഐഎം പ്രവ‍ർത്തക‍ർ സംഘടിച്ചെത്തുകയും ചെയ്തു. ഇതോടെയാണ് വീണ്ടും സംഘ‍ർഷം തുടരുന്നത്. ഇതോടെ പൊലീസ് ഒരു തരത്തിൽ ഇടപെട്ട് ശാന്തമാക്കി. 

ഇതിന് പിന്നാലെ വീണ്ടും സിപിഐഎം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ സമീപം സിപിഐഎം പ്രവ‍ർത്തകർ ഒത്തുകൂടി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഇരുവിഭാ​ഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമം നടത്തി. പൊലീസ് ഇരുവരെയും രണ്ട് ഭാ​ഗത്തേക്കായി മാറ്റി നി‍ർത്തുന്നുണ്ട്. തങ്ങൾ പെ‍ർമിഷനെടുത്ത പരിപാടിയിൽ നിന്ന് പിരിഞ്ഞുപോകണമെന്നാണ് എസിപി ആവശ്യപ്പെടുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ സംഭവത്തിൽ പ്രതികരിച്ചു.

പ്രകോപനമുണ്ടാക്കിയത് കോൺഗ്രസാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. ഗോപിനാഥ് പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ നേതൃത്വത്തിൽ പദയാത്ര നടത്തിയത് സംഘർഷമുണ്ടാക്കാനാണ്. മറ്റൊരിടത്ത് നടന്ന പ്രശ്നത്തിന് മലപ്പട്ടത്തേക്ക് പ്രകടനം എന്തിനെന്ന് പി.വി. ഗോപിനാഥ് പ്രതികരിച്ചു.

SCROLL FOR NEXT