കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച അപ്രന്റീസ്ഷിപ്പ് സ്‌കീം കോപ്പിയടിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആരോപണം.
തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് 500 വന്‍കിട കമ്പനികളില്‍ ഇന്റേര്‍ഷിപ്പിനുള്ള അവസരം ലഭിക്കുമെന്നും 5000 രൂപ പ്രതിമാസം ഇന്റേണ്‍ഷിപ്പ് അലവന്‍സ് ലഭിക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് പ്രത്യേക സഹായ പ്രഖ്യാപനവും നടത്തിയിരുന്നു.
ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസ ശമ്പളം കേന്ദ്രം നല്‍കും. മൂന്ന് ഗഡുക്കളായാണ് ഇത് നല്‍കുക. 30 ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പി എഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.
എന്നാല്‍ ഇന്റേര്‍ണ്‍ഷിപ്പ് പദ്ധതി കോണ്‍ഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്നാണെന്നാണ് പാര്‍ട്ടി ആരോപിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരവും ആരോപണവുമായി രംഗത്തെത്തി.
കോണ്‍ഗ്രസിന്റെ പ്രകടനപത്രിക ബിജെപി വായിച്ചു നോക്കിയിട്ടുണ്ട് എന്ന കാര്യം ഇപ്പോള്‍ മനസിലായെന്നാണ് പി ചിദംബരം പറഞ്ഞത്.
'കോണ്‍ഗ്രസിന്റെ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കേന്ദ്ര ധനമന്ത്രി വായിച്ചിട്ടുണ്ടെന്ന് മനസിലായതില്‍ അതിയായ സന്തോഷമുണ്ട്. കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ 30-ാം പേജില്‍ പറഞ്ഞിട്ടുള്ള എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് ഫലത്തില്‍ ധനമന്ത്രി ഉപയോഗിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്,' ചിദംബരം പറഞ്ഞു.
സമാനമായി കോണ്‍ഗ്രസ് മാനിഫെസ്റ്റോയുടെ 11-ാം പേജില്‍ പരാമര്‍ശിച്ചിട്ടുള്ള അപ്രന്റീസ്ഷിപ്പ് സ്‌കീം അവതരിപ്പിച്ചതിലും സന്തോഷമുണ്ട്. മറ്റെന്തെങ്കിലും ആശയങ്ങള്‍ കൂടി മാനിഫെസ്റ്റോയില്‍ നിന്ന് എടുത്തിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിച്ച് പോവുകയാണെന്നും പി ചിദംബരം പറഞ്ഞു.