NEWSROOM

രാഹുൽ ഗാന്ധിയെ സഭയില്‍ സംസാരിക്കാൻ അനുവദിക്കുന്നില്ല; ആരോപണവുമായി കോൺഗ്രസ്

രാഹുൽ സഭയിൽ വച്ച് പ്രിയങ്ക ഗാന്ധിയുടെ കവിളിൽ തലോടുന്ന വീഡിയോ ബിജെപി പുറത്തുവിടുകയും ചെയ്തു

Author : ന്യൂസ് ഡെസ്ക്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സ്പീക്കർ സഭയിൽ സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോൺഗ്രസ്. ഓം ബിർള ശകാരിക്കുന്നതുമായി ബന്ധപ്പെടുത്തി ബിജെപി വീഡിയോ പ്രചരിപ്പിച്ചതിലും കോൺഗ്രസിന് കടുത്ത അതൃപ്തി അറിയിച്ചു. വിഷയം ലോക്‌സഭ സ്പീക്കർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കാതെ സ്പീക്കർ മനഃപൂർവ്വം മൈക്ക് ഓഫ് ചെയ്യുന്നു എന്ന കോൺഗ്രസ് ആരോപണം നിലനിൽക്കെയാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല വ്യക്തിപരമായി കടന്നാക്രമിച്ചത്.


കഴിഞ്ഞ ദിവസം ശൂന്യവേളക്ക് പിന്നാലെയാണ് ചെയറിലുണ്ടായിരുന്ന സന്ധ്യറായിയെ മാറ്റി നാടകീയമായി സ്പീക്കര്‍ ഓംബിര്‍ല കടന്നു വന്നത്. രാവിലെ സഭയിലില്ലാതിരുന്ന രാഹുല്‍ എത്തിയതിന് പിന്നാലെയായിരുന്നു സ്പീക്കറുടെ വരവ്. പല അംഗങ്ങളും സഭയില്‍ മര്യാദ ലംഘിക്കുന്നത് തന്‍റെ ശ്രദ്ധയില്‍ പെടുന്നുവെന്ന് പറഞ്ഞാണ് ഓംബിര്‍ല രാഹുല്‍ ഗാന്ധിക്കെതിരെ തിരിഞ്ഞത്. പ്രകോപന കാരണം വ്യക്തമാക്കാതെ കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും പറഞ്ഞ സ്പീക്കര്‍, സഭ നിര്‍ത്തിവച്ചു.

പാർലമെൻ്റിൻ്റെ നിലവാരത്തിന് ചേരാത്ത നടപടി പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായി എന്ന സ്പീക്കറുടെ ശകാരത്തിന് പിന്നാലെ സഭയിൽ വച്ച് രാഹുൽ പ്രിയങ്ക ഗാന്ധിയുടെ കവിളിൽ തലോടുന്ന വീഡിയോ ബിജെപി പുറത്തുവിടുകയും ചെയ്തു. സ്പീക്കറുടെ വിമർശനത്തിന് കാരണം ഇതാണെന്നാണ് ബിജെപി നേതാക്കളുടെ ആരോപണം. പക്ഷെ എട്ട് ദിവസമായി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സംസാരിക്കാൻ പോലും അനുവദിക്കുവന്നില്ലെന്നാണ് ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് എതിരെ രാഹുൽ ഗാന്ധിയുടെ പരാതി. സഭയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയില്ലെന്നും തന്നെപ്പറ്റി കഴമ്പില്ലാത്ത ആരോപണങ്ങള്‍ സ്പീക്കർ ഉന്നയിക്കുന്നതായും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. കെ. സി. വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ 70 കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു.


SCROLL FOR NEXT