എലപ്പുള്ളി മദ്യനിർമാണ പദ്ധതിയിൽ സിപിഐയെ പരിഹസിച്ച് കോൺഗ്രസ്- ബിജെപി നേതാക്കൾ. മുഖ്യമന്ത്രിയെ കണ്ടപ്പോൾ സിപിഐയ്ക്ക് നട്ടെല്ല് നഷ്ടപ്പെട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സിപിഐയെ പരിഹസിച്ച് രംഗത്തെത്തി.
സിപിഐയുടെ നിലപാട് മാറ്റം, സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന പോലെയെന്നും, സിപിഐയും ആർജെഡിയും നിലപാട് മാറ്റിയത് എന്താണെന്ന് ബോധ്യമായെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ടപ്പോൾ പറയാനുള്ള നട്ടെല്ല് നഷ്ടപ്പെട്ടു. ഒയാസിസ് കമ്പനി ഈ പാർട്ടികളെ കാണേണ്ട പോലെ കണ്ടിട്ടുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് കമ്പനി കൊണ്ടുവരാൻ വാശി എന്തിനെന്നും ചെന്നിത്തല ചോദിച്ചു. എം.ബി രാജേഷ് കമ്പനി പിആർഒയെ പോലെ പ്രവർത്തിക്കുന്നു. മന്ത്രിസഭയെ ഹൈജാക്ക് ചെയ്താണ് കമ്പനിക്ക് അനുമതി നൽകിയത്. ഒരു വകുപ്പിനോടും ആലോചിക്കാതെയാണ് തീരുമാനം. ഈ ഇടപാടിൽ അഴിമതി നടന്നുവെന്ന് വ്യക്തമാണ്. അല്ലെങ്കിൽ എന്തിനാണ് ഇത്ര വാശിയെന്നും ചെന്നിത്തല ചോദിച്ചു.
പാലക്കാട് ഒരു കാരണവശാലും മദ്യനിർമാണശാല അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും അദ്ദേഹം പരിഹസിച്ചു. സിപിഐയെ സാധാരണ എകെജി സെൻ്ററിൽ വിളിച്ചുവരുത്തി അപമാനിക്കുകയാണ് പതിവ്. ഇത്തവണ എം.എൻ. സ്മാരകത്തിൽ ചെന്ന് പിണറായി അപമാനിച്ചെന്നു വി.ഡി. സതീശൻ. മദ്യ കമ്പനി എത്തിയത് തെറ്റായ വഴികളിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
ഞങ്ങളെ ബോധ്യപ്പെടുത്താൻ നടത്തുന്ന എക്സൈസ് മന്ത്രി ആദ്യം സ്വന്തം കക്ഷികളെ ബോധ്യപ്പെടുത്തൂ.മുന്നണി തീരുമാനമെടുക്കുന്നതിനു മുമ്പ് ക്യാബിനറ്റിൽ കൊണ്ട് പാസാക്കി. സിപിഐയുടെ തീരുമാനത്തിന് മീതെ മുഖ്യമന്ത്രിയുടെ തീരുമാനം അടിച്ചേൽപ്പിച്ചു. സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്ന നിലയിൽ സംവാദത്തിന് തയ്യാറാണന്നും, സ്ഥലവും തീയതിയും തയ്യാറാക്കി അറിയിച്ചോളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
എലപ്പുള്ളിയിൽ സിപിഐ നിലപാടു മാറ്റത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. സിപിഐയെ പച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല. കുരയ്ക്കും പക്ഷേ കടിയ്ക്കില്ല എന്നു പറയുമ്പോലെ.. നട്ടെല്ലില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു.