NEWSROOM

മറിയക്കുട്ടി ഇനി പുതിയ വീട്ടിൽ; കെപിസിസി നിർമിച്ച വീട് കൈമാറി

650 ചതുരശ്ര അടിയിൽ പതിമൂന്നു ലക്ഷം രൂപ മുടക്കിയാണ് കെപിസിസിയും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും വീട് നിർമിച്ചത്

Author : ന്യൂസ് ഡെസ്ക്

സർക്കാരിൻ്റെ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് യാചനാ സമരം നടത്തിയ ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടിക്ക് കോൺഗ്രസ്‌ പുതിയ വീട് നിർമിച്ചു നൽകി. കെപിസിസി പ്രസിഡൻ്റ്  കെ.സുധാകരന്‍ വീടിൻ്റെ താക്കോല്‍ മറിയക്കുട്ടിക്ക് കൈമാറി.

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് സ്വന്തമായി വീട് വെച്ച് നല്‍കുമെന്ന് കെപിസിസി പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കെപിസിസിയും, അടിമാലി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും പണം സ്വരൂപിച്ചത്. ആറുമാസം മുമ്പ് വീട് നിർമാണം ആരംഭിച്ചു. അടിമാലി 200 ഏക്കറിന് സമീപം മകള്‍ പ്രിന്‍സിയുടെ സ്ഥലത്ത് ഇതിനായി വേണ്ട ഒരുക്കങ്ങള്‍ നടത്തി വീട് നിര്‍മാണം പൂര്‍ത്തീകരിക്കുകയായിരുന്നു. വീടിൻ്റെ താക്കോൽ ദാനം കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നിർവഹിച്ചു.

650 ചതുരശ്ര അടിയിൽ പതിമൂന്നു ലക്ഷം രൂപ മുടക്കിയാണ് കെപിസിസിയും ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും വീട് നിർമിച്ചു നൽകിയത്. സർക്കാരിൻ്റെ ക്ഷേമ പെൻഷൻ മുടങ്ങിയതോടെ അടിമാലിയിൽ മറിയക്കുട്ടി യാചന നടത്തി പ്രതിഷേധിച്ചത് സംസ്ഥാനത്താകെ ചര്‍ച്ചയായിരുന്നു. തുടർന്ന് പിന്തുണയുമായി വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ മറിയക്കുട്ടിയുടെ അടിമാലിയിലെ വീട്ടിലെത്തിയിരുന്നു.

SCROLL FOR NEXT