NEWSROOM

മണിപ്പൂരില്‍ 16 മാസമായി കലാപം തുടരുമ്പോഴും മോദി എവിടെയാണ്? അമിത് ഷാ തികഞ്ഞ പരാജയം; വിമർശനവുമായി കോണ്‍ഗ്രസ്

മണിപ്പൂര്‍ ജനത ഇപ്പോഴും പ്രധാനമന്ത്രിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. മോദി പല രാജ്യങ്ങളും ഇതിനിടയില്‍ സന്ദര്‍ശിച്ചു. എന്തുകൊണ്ടോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മാത്രം സമയം കിട്ടിയിട്ടില്ല.

Author : ന്യൂസ് ഡെസ്ക്


മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. 16 മാസമായി മണിപ്പൂരില്‍ കലാപം തുടരുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുന്നുവെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇത്രയും കാലമായി ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി ദുരിത ബാധിതരെ കാണാന്‍ തയ്യാറാകുന്നില്ലെന്നും എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പോലും പ്രധാനമന്ത്രി മറന്നു പോയെന്നും സുപ്രിയ ശ്രീനാഥെ വിമര്‍ശിച്ചു.

'16 മാസമായി മണിപ്പൂര്‍ കത്തിയെരിയുമ്പോഴും രാജ്യത്തിന്റെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഒരു മിനുട്ട് പോലും സമയം കിട്ടിയില്ല. എന്റെ നേതാവ് രാഹുല്‍ ഗാന്ധി മൂന്ന് തവണ മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടെ ഒരു സമാധാനം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു,' സുപ്രിയ ശ്രീനാഥെ മണിപ്പൂര്‍ കോണ്‍ഗ്രസ് തലവന്‍ കെ മേഘചന്ദ്രയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.



എവിടെയാണ് മോദി? പ്രധാനമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും എവിടെയെന്ന് അന്വേഷിക്കണമെന്ന് ഞാന്‍ എന്തിന് പറയാതിരിക്കണം? ആഭ്യന്തരമന്ത്രിയെ പുറത്താക്കണമെന്ന് എന്തിന് ഞാന്‍ പറയാതിരിക്കണം? അദ്ദേഹം ഒരു തികഞ്ഞ പരാജയമാണ്,' സുപ്രിയ പറഞ്ഞു.

മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മോദിയെ തടയുന്നത് എന്താണെന്നും സുപ്രിയ ചോദിച്ചു. മണിപ്പൂര്‍ ജനത ഇപ്പോഴും പ്രധാനമന്ത്രിയെ പ്രതീക്ഷിച്ചിരിക്കുകയാണ്. മോദി പല രാജ്യങ്ങളും ഇതിനിടയില്‍ സന്ദര്‍ശിച്ചു. പക്ഷെ എന്തുകൊണ്ടോ മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മാത്രം സമയം കിട്ടിയിട്ടില്ലെന്നും സുപ്രിയ കുറ്റപ്പെടുത്തി.

മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ മുക്കിന്‍ തുമ്പത്ത് സംസ്ഥാനം എരിഞ്ഞു തീരുമ്പോഴും ഡല്‍ഹിയിലെ കളിപ്പാവയായി ഇരിക്കുകയാണ് എന്‍ ബിരേന്‍സിംഗ് എന്നും സുപ്രിയ പറഞ്ഞു.

12 ഓളം പേരാണ് പത്ത് ദിവസത്തിനിടെ വീണ്ടും സംഘര്‍ഷാവസ്ഥ ശക്തമായ മണിപ്പൂരില്‍ കൊല്ലപ്പെട്ടത്. മുന്‍ മുഖ്യമന്ത്രിയുടെ വീട് ആക്രമിച്ചു. ഗവര്‍ണറുടെ വീട്ടില്‍ കല്ലുകളെറിഞ്ഞ് ആക്രമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടു. പല ജില്ലകളിലും ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. ഇന്റന്‍നെറ്റ് നിരോധിക്കപ്പെട്ടിരിക്കുന്നു. യുവാക്കള്‍ തെരുവിലാണ്. മണിപ്പൂരിലെ പരീക്ഷകളെല്ലാം മാറ്റിവെച്ചിരിക്കുന്നു. മണിപ്പൂരിലെ സാഹചര്യം ഗുരുതരമാണെന്ന് മുന്‍ ഗവര്‍ണര്‍ തന്നെ പറഞ്ഞതായും സുപ്രിയ പറഞ്ഞു.


അഭ്യന്തര സംഘര്‍ഷം രൂക്ഷമായതോടെ മണിപ്പൂര്‍ വീണ്ടും യുദ്ധക്കളമായി മാറിയിരിക്കുകയാണ്. ക്രമസമാധാന പാലനം പരാജയപ്പെട്ടതോടെ തലസ്ഥാനമായ ഇംഫാലിലടക്കം പ്രക്ഷോഭം രൂക്ഷമാവുകയാണ്. ഇംഫാലില്‍ കഴിഞ്ഞദിവസം മെയ്ത്തി വിഭാഗം വിദ്യാര്‍ഥികളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റവരുടെ എണ്ണം 50 ആയി.




SCROLL FOR NEXT