NEWSROOM

പെരിയ ഇരട്ടക്കൊല: ഹര്‍ജി നല്‍കുക തുടരന്വേഷണത്തിന്; വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം

നിലവിലെ ഇരട്ട ജീവപര്യന്തം മാതൃകാപരമായ ശിക്ഷയാണ്. അവസാന നാല് പ്രതികള്‍ക്കും അഞ്ച് വര്‍ഷം എന്നത് ഏറ്റവും ഉയര്‍ന്ന ശിക്ഷയാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റവിമുക്തരാക്കിയവര്‍ക്കെതിരെ മാത്രം ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. സിബിഐ പ്രതിചേര്‍ത്ത 10 പ്രതികളെയാണ് കോടതി വിട്ടയച്ചത്. നിലവിലെ വിധിയില്‍ അപ്പീല്‍ നല്‍കിയാലും പ്രയോജനമുണ്ടാകില്ലെന്ന നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.

ആറ് വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കൃപേഷ്, ശരത്ത് ലാല്‍ വധക്കേസില്‍ സിബിഐ കോടതി വിധി പറഞ്ഞെങ്കിലും കുടുംബം പൂര്‍ണ തൃപതരായിരുന്നില്ല. ഒന്നു മുതല്‍ 8 വരെയുള്ള പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജീവപര്യന്തം നല്‍കണമെന്നുമായിരുന്നു കുടുംബത്തിന്റെ ആവശ്യം. വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് കുടുംബം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. രാഷ്ട്രീയ കൊലപാതക്കേസില്‍ വധശിക്ഷ വിധിക്കാനുള്ള സാധ്യത അപൂര്‍വമാണ്. നിലവിലെ ഇരട്ട ജീവപര്യന്തം മാതൃകാപരമായ ശിക്ഷയാണ്. അവസാന നാല് പ്രതികള്‍ക്കും അഞ്ച് വര്‍ഷം എന്നത് ഏറ്റവും ഉയര്‍ന്ന ശിക്ഷയാണെന്നും നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പത്ത് പ്രതികളെ വെറുതെ വിട്ടതിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ടും മാത്രം ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

രണ്ട് കുടുംബങ്ങളേയും ഈ കാര്യങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ബോധ്യപ്പെടുത്തും. ഗൂഢാലോചനാ വകുപ്പ് ചുമത്തി തുടരന്വേഷണം വേണമെന്നാകും ഹര്‍ജിയില്‍ ആവശ്യപ്പെടുക. അടുത്ത ദിവസം തന്നെ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം.

SCROLL FOR NEXT