NEWSROOM

തെലങ്കാനയിലെ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടു; ബിആർഎസ് നേതാവ് കെടി രാമറാവു

ഖമ്മം മേഖലയിൽ നിന്ന് മൂന്ന് മന്ത്രിമാരാണ് സർക്കാരിലുള്ളത്. എന്നാൽ അവിടെയുള്ള ആളുകൾക്ക് ഇതുവരെ ലഭിച്ച സഹായം പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


തെലങ്കാനയിൽ പ്രളയക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ വിമർശനവുമായി ഭാരത രാഷ്ട്ര സമിതി നേതാവും എംഎൽഎയുമായ കെടി രാമറാവു. സംസ്ഥാനത്തെ പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നതിൽ രേവന്ത് റെഡ്ഡി സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

അയൽസംസ്ഥാനമായ ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആറ് ഹെലികോപ്റ്ററുകളും 150 ബോട്ടുകളും എത്തിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് എന്തുകൊണ്ടാണ് രക്ഷാപ്രവർത്തനം നടത്താൻ അത്തരത്തിൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ക്രമീകരിക്കാൻ കഴിയാത്തതെന്നും കെടിആർ ചോദിച്ചു.

സംസ്ഥാനത്തെ വെള്ളപ്പൊക്കം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിൻ്റെ സമീപനം ദയനീയമാണ്. ഖമ്മമിലെ സ്ഥിതി ഇതിലും മോശമാണ്. ഖമ്മം മേഖലയിൽ നിന്ന് മൂന്ന് മന്ത്രിമാരാണ് സർക്കാരിലുള്ളത്. എന്നാൽ അവിടെയുള്ള ആളുകൾക്ക് ഇതുവരെ ലഭിച്ച സഹായം പൂജ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സഹായത്തിനായി ജനങ്ങൾ തെരുവിലിറങ്ങുകയാണെന്നും കെടിആർ പറഞ്ഞു.

ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയെയും കെടിആർ പരിഹസിച്ചു. ഇതേ സർക്കാർ മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ നഷ്ടപരിഹാരമായി 25 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ അതെ സർക്കാർ പ്രളയബാധിതർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം 5 ലക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അധികാരത്തിലെത്തിയാൽ രാജീവ് ഗാന്ധി പ്രതിമ നീക്കം ചെയ്യുമെന്ന് കെടിആർ, വ്യാമോഹമെന്ന് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 16 പേരാണ് മരിച്ചത്. സംസ്ഥാനത്തെ വെള്ളപ്പൊക്കം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും 2000 കോടി രൂപ അടിയന്തര സഹായം നൽകണമെന്നും മുഖ്യമന്ത്രി റെഡ്ഡി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും വിളനാശത്തിന് ഏക്കറിന് 10,000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT