NEWSROOM

എടച്ചേരിയിലെ ഡിവൈഎഫ്ഐക്കാരുടെ കൊലവിളി പ്രസംഗം; പൊലീസ് കേസെടുത്തില്ലെന്ന് കോൺഗ്രസ് നേതാവ്

എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിലിന് എതിരായായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം

Author : ന്യൂസ് ഡെസ്ക്


കോഴിക്കോട് കോണ്‍ഗ്രസ് നേതാവിനെതിരായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലവിളി പ്രസംഗത്തില്‍ കേസെടുക്കാതെ പൊലീസ്. എടച്ചേരി മണ്ഡലം സെക്രട്ടറി നിജേഷ് കണ്ടിയിലിന് എതിരായായിരുന്നു ഡിവൈഎഫ്ഐ നേതാക്കളുടെ കൊലവിളി പ്രസംഗം. കേസെടുക്കണമെങ്കിൽ കോടതിയെ സമീപിക്കണമെന്നായിരുന്നു എടച്ചേരി പൊലീസിൻ്റെ നിർദേശം. അതേസമയം ഡിവൈഎഫ്ഐ ബ്രാഞ്ച് സെക്രട്ടറി നൽകിയ പരാതിയില്‍ നിജേഷിനെതിരെ കലാപാഹ്വാനത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

വീട്ടില്‍ കയറി കയ്യും കാലും അടിച്ചുമുറിക്കും എന്നായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. വീട്ടിൽ കയറാതിരുന്നത് നിജേഷ് വീട്ടിൽ ഇല്ലെന്ന് പൊലീസ് പറഞ്ഞതിനാലാണെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ പ്രസംഗത്തിനിടെ പറയുന്നു. നിജേഷിനെ പട്ടിയെ തല്ലും പോലെ തെരുവിലിട്ട് തല്ലുമെന്നും, നിജേഷ് ഇനി ഇരിക്കണോ കിടക്കണോയെന്ന് ഡിവൈഎഫ്ഐ തീരുമാനിക്കുമെന്നുമാണ് നേതാക്കളുടെ പ്രസംഗത്തിലുള്ളത്.

പുഷ്പന്‍റെ മരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് നിജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു. ഇതാണ് ഡിവൈഎഫ്ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ മാസം ഒരു കൂട്ടം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സാന്നിധ്യത്തിൽ കയ്യും കാലും വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ച് ഭീഷണിപ്പെടുത്തിയതായാണ് പരാതി. പിന്നാലെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും വ്യക്തിപരമായി അധിക്ഷേപിച്ചതായും നിജേഷിൻ്റെ പരാതിയിൽ പറയുന്നു.

കഴിഞ്ഞ ദിവസവും കോഴിക്കോട് സമാനസംഭവം അരങ്ങേറിയിരുന്നു. മുചുകുന്ന് കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ഡിവൈഎഫ്ഐ കൊലവിളി മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. യുഡിഎസ്എഫ് പ്രവർത്തകർക്ക് നേരെയായിരുന്നു ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം. അരിയിൽ ഷുക്കൂറിനെ ഓർമയില്ലേയെന്നും, അതേ അവസ്ഥ വരുമെന്നുമായിരുന്നു ഭീഷണി. പൊലീസ് നോക്കി നിൽക്കെയായിരുന്നു ഡിവൈഎഫ്ഐ പ്രകോപന മുദ്രാവാക്യം മുഴക്കിയത്.

SCROLL FOR NEXT