NEWSROOM

ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തും, സർക്കാരുണ്ടാക്കാൻ മറ്റൊരു പാർട്ടിയുടെയും പിന്തുണ ആവശ്യമില്ല: ഭൂപീന്ദർ സിംഗ് ഹൂഡ

ചില സീറ്റുകളിൽ ഇഞ്ചോടിഞ്ച് മത്സരമുണ്ടെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയില്ലെന്നും അദ്ദേഹം പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



ഹരിയാനയിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ച് കോൺഗ്രസ് നേതാവും ഗാർഹിയിലെ സ്ഥാനാർഥിയുമായ ഭൂപീന്ദർ സിംഗ് ഹൂഡ. വോട്ടെണ്ണലിലെ ആദ്യഘട്ടത്തിലെ കോൺഗ്രസ് മുന്നേറ്റത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. പകുതിയിലധികം സീറ്റുകളിലും കോൺഗ്രസിന് തനിച്ച് ഭൂരിപക്ഷം ലഭിക്കും. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ രൂപീകരിക്കും. സർക്കാർ രൂപീകരിക്കാൻ കോൺഗ്രസിന് ഒരു പാർട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

ചില സീറ്റുകളിൽ ഇഞ്ചോടിഞ്ച് മത്സരമുണ്ടെങ്കിലും ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് മുഖ്യമന്ത്രിയാകുക എന്നത് പാർട്ടി തീരുമാനിക്കുമെന്നും വിജയത്തിൻ്റെ ക്രെഡിറ്റ് ഹരിയാനയിലെ ജനങ്ങൾക്ക് നൽകുമെന്നും ഹൂഡ പറഞ്ഞു. അതേസമയം നിലവിൽ ഹരിയാനയിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്.

ആദ്യ മണിക്കൂറുകളിൽ കോൺഗ്രസ് ട്രെൻഡ് അലയടിച്ചിരുന്നെങ്കിലും രണ്ട് മണിക്കൂറിന് ശേഷം ബിജെപി നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. നിലവിൽ 47 സീറ്റിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. 36 ഇടത്ത് കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. നാലിടത്ത് സ്വതന്ത്ര സ്ഥാനാർഥികളാണ് മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ഹരിയാനയിലെ ഗാർഹിയിൽ ഭൂപീന്ദർ സിംഗ് ഹൂഡ മുന്നിലായിരുന്നു.


SCROLL FOR NEXT