NEWSROOM

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് കൂടിയാലോചന നടത്താതെ, പിന്നിൽ ചില നേതാക്കളുടെ സ്വാര്‍ഥ താൽപ്പര്യം: കെ. സുധാകരൻ

പാർട്ടി നശിക്കട്ടെയെന്ന ദുർമനസുള്ളവരാണ് തന്നെ മാറ്റിയതെന്നും കെ. സുധാകരൻ.

Author : ന്യൂസ് ഡെസ്ക്


എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് കെ. സുധാകരൻ. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്നെ അറിയിക്കാതെയെന്നും, ചില നേതാക്കളുടെ സ്വാർഥ താൽപ്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും കെ. സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.


"പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റുന്നത് ആരും പറഞ്ഞിരുന്നില്ല. പാർട്ടി നശിക്കട്ടെയെന്ന ദുർമനസുള്ളവരാണ് എന്നെ മാറ്റിയത്. അവർ പാർട്ടിയോട് കൂറ് ഉള്ളവരല്ല. കേരളത്തിൻ്റെ ചുമതല തനിക്ക് നൽകാൻ എഐസിസി തീരുമാനിച്ചു എന്നറിയുന്നു. എങ്കിൽ പിന്നെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണ്? കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനാവാത്തതിൽ നിരാശയുണ്ട്," സുധാകരൻ പറഞ്ഞു.

പ്രതിപക്ഷ നേതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നും സുധാകരൻ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ നേതൃത്വം അധ്യക്ഷനായി പ്രഖ്യാപിച്ചത്. കെ. സുധാകരനെ മാറ്റേണ്ടെന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. എന്നാൽ നേതൃമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ നിലപാട്. കെ. സുധാകരനുവേണ്ടി ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആഞ്ഞുവാദിക്കുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ നിയമിച്ചത്.

SCROLL FOR NEXT