NEWSROOM

മുഖ്യമന്ത്രി ആർഎസ്എസുമായി പാലമുണ്ടാക്കാൻ കാരണം ഭയം, അഴിമതിയെ കുറിച്ച് അന്വേഷിച്ചാൽ പിണറായി ഇരുമ്പഴിക്കുള്ളിലായിരിക്കും: മുല്ലപ്പള്ളി രാമചന്ദ്രൻ

സിപിഎമ്മും പിണറായിയും തരാതരം ആർഎസ്എസുമായി ബന്ധമുണ്ടാക്കിയവരാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

Author : ന്യൂസ് ഡെസ്ക്

ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിലെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മും പിണറായിയും തരാതരം ആർഎസ്എസുമായി ബന്ധമുണ്ടാക്കിയവരാണെന്ന് മുല്ലപ്പള്ളി വിമർശിച്ചു. സ്പീക്കർ ഷംസീറിന്റേത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ നടത്തിയ പ്രസ്താവനയെന്നും മുല്ലപ്പള്ളി പറയുന്നു.

സിപിഎം സഹായിച്ചതുകൊണ്ടാണ് തൃശ്ശൂരിൽ സുരേഷ് ഗോപി വിജയിച്ചത്. മുഖ്യമന്ത്രിക്കെതിരായ അഴിമതി അന്വേഷിച്ചാൽ അദ്ദേഹം ഇരുമ്പഴിക്കുള്ളിലായിരിക്കും. മുഖ്യമന്ത്രിയെ പോലെ ഭീരുവായ ഒരു മനുഷ്യനില്ല. കേന്ദ്ര ഏജൻസികളെ കുറിച്ച് ഓർത്ത് മുഖ്യമന്ത്രിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഇതുകൊണ്ടാണ് പിണറായി വിജയൻ ആർഎസ്എസുമായി പാലമുണ്ടാക്കുന്നത്. എഡിജിപി എം.ആർ അജിത് കുമാറിനെ പോലെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വെച്ചാണ് ആർഎസ്എസും പിണറായിയും തമ്മിൽ പാലം ഉണ്ടാക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സംസ്ഥാനത്തെ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരനാണ് എഡിജിപി. അങ്ങനെ ഒരാളാണ് ആർഎസ്എസ് മേധാവിയുമായി കൂടികാഴ്ച നടത്തിയത്. എ.എൻ.ഷംസീർ കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ ആർഎസ്എസിനെ പുകഴ്ത്താനാവില്ല. ഷംസീർ ഒരു പാംപേഡ് ബോയ് ആണ്. അന്ന് സ്പീക്കർ നടത്തിയ പ്രസ്താവനയും മുഖ്യമന്ത്രിയുടെ സമ്മതത്തോടെയായിരുന്നു. 

പി.വി. അൻവർ എംഎൽഎയുടെ ക്രെഡിബിലിറ്റിയെ കുറിച്ച് സംശയമുണ്ടെങ്കിലും അൻവർ നടത്തിയ പ്രസ്താവനകൾ ലാഘവത്തോടെ കാണേണ്ടതില്ല. സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പോലും മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. എന്നാൽ പി.വി.അൻവറിനെ പോലൊരു അവസരവാദിയെ കോൺഗ്രസിന് വേണ്ട, അൻവർ താൽപര്യം പ്രകടിപ്പിച്ചാലും കോൺഗ്രസ് സീറ്റ് നൽകില്ല. നിലമ്പൂരിൽ ഒന്നാന്തരം സ്ഥാനാർത്ഥികൾ ഉണ്ടെന്നും അൻവറിന് സീറ്റ് കൊടുക്കുന്ന പ്രശ്നം കോൺഗ്രസിൽ ഉത്ഭവിക്കുന്നില്ലെന്നും മുല്ലപ്പള്ളി വിശദീകരിച്ചു.

എഡിജിപി- ആർ എസ് എസ് കൂടിക്കാഴ്ച മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന വാദവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മോഹൻ ഭാഗവത്തുമായി എന്ത് സ്നേഹമാണ് എം.വി ഗോവിന്ദനെന്നും ഷംസീർ ആർ എസ്എസിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ജനസംഘത്തിൻ്റെ വോട്ട് വാങ്ങി ജയിച്ചത് പിണറായി വിജയനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മലപ്പുറത്തെ പൊലീസ് ട്രാൻസ്ഫർ കൊണ്ട് എല്ലാ പ്രശ്നങ്ങളും തീർന്നോയെന്നും പി.വി അൻവർ മറുപടി പറയണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. കൂടാതെ ചാണ്ടി ഉമ്മനെ അഭിഭാഷക പാനലിൽ ഉൾപ്പെടുത്തിയതിൽ രാഷ്ട്രീയമില്ലെന്നും ചാണ്ടി ഉമ്മൻ അപേക്ഷ കൊടുത്ത് ഇൻ്റർവ്യൂ പാസായവരിൽ ഉൾപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

SCROLL FOR NEXT