എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായ വികസനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ വീണ്ടും വിശദീകരണവുമായി ശശി തരൂര്‍. രാഷ്ട്രീയം നോക്കിയല്ല ലേഖനമെഴുതിയത്. കേരളത്തിന്റെ വികസനമാണ് പ്രധാനം. എഴുതിയതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാമെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ്, ലീഗ് നേതാക്കളടക്കം ശശി തരൂരിനെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് തരൂര്‍ മാധ്യമങ്ങളെ കണ്ടത്.
ഉമ്മന്‍ ചാണ്ടിയാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജും സ്റ്റാര്‍ട്ട് അപ്പ് മിഷനുമെല്ലാം സ്ഥാപിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അത്തരത്തില്‍ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളില്‍ മുന്നറ്റം കൊണ്ടു വരുന്നുണ്ടെങ്കില്‍ അതിനെ അംഗീകരിക്കേണ്ടേ എന്നും 16 വര്‍ഷമായി താന്‍ പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യമാണിതെന്നും ശശി തരൂര്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന് ഒരിക്കലും 100 മാര്‍ക്ക് കൊടുത്തിട്ടില്ല. പക്ഷെ ചുവന്ന കൊടി മാറ്റി വെച്ച് വികസനം കൊണ്ട് വരാന്‍ അവര്‍ തന്നെ ശ്രമിച്ചെന്ന കാര്യമാണ് താന്‍ പറഞ്ഞതെന്നും തരൂര്‍ പറഞ്ഞു.
അതേസമയം, സ്വതന്ത്രമായ അഭിപ്രായം പറയാന്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയുകയാണെങ്കില്‍ അതിന് തയ്യാറാണെന്നും തരൂര്‍ പറഞ്ഞു. മുന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനത്തിനും അദ്ദേഹം മറുപടി പറഞ്ഞു. എഴുതിയതില്‍ ഒരു തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ. എല്ലാ മാസവും ഈ പത്രത്തില്‍ ലേഖനമെഴുതുന്നതാണ്. ഇതില്‍ തെറ്റുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നതെങ്കില്‍ അടുത്ത തവണ അത് തിരുത്താം. പക്ഷെ തെറ്റ് എന്താണെന്ന് അദ്ദേഹം പറയണം. സിപിഎമ്മിനെ താലോലിച്ചുകൊണ്ടല്ല ഞാന്‍ ഇത് എഴുതിയിരിക്കുന്നത്. ഈ ഗ്ലോബല്‍ റിപ്പോര്‍ട്ട് ശരിയല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്തവരെയും നമ്മള്‍ ഇത് അറിയിക്കണമല്ലോ എന്നാണ് തരൂര്‍ പറഞ്ഞത്.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളെ ഇത് ബോധ്യപ്പെടുത്താന്‍ കഴിയാത്തതെന്ന ചോദ്യത്തിന് അത് എന്നോട് ചോദിക്കേണ്ട അവരോട് ചോദിക്കൂ എന്നും ശശി തരൂര്‍ പറഞ്ഞു.
ശശി തരൂരിനെതിരെ കുഞ്ഞാലിക്കുട്ടിയും എം.എം. ഹസ്സനും കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍, കെ. സുധാകരന്‍ തുടങ്ങി, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ ശശി തരൂരിന്റെ ലേഖനത്തിനെതിരെ രംഗത്തെത്തിയിരുന്നു.
ശശി തരൂരിന്റെ വാക്കുകള്‍
നമ്മുടെ കേരളത്തിലെ യുവാക്കള്‍ മറ്റു രാജ്യങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. ഇത് മാറ്റാന്‍ ഒറ്റ മാര്‍ഗമേയുള്ളു. മറ്റു സംസ്ഥാനത്തെ നിക്ഷേപങ്ങള്‍ കൊണ്ട് വരണം. പുതിയ ബിസിനസുകള്‍ വരാന്‍ സഹായിക്കണം. അതിലടക്കം ഞാന്‍ പറയുന്ന കാര്യമാണ്. 16 വര്‍ഷമായി ഇക്കാര്യം ഞാന്‍ ആവശ്യപ്പെടുന്നുണ്ട്. മാരാമണ്‍ കണ്‍വെന്‍ഷനിലെ എന്റെ പ്രസംഗം കേട്ട് നോക്കൂ. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് എന്ന ഒരു അന്താരാഷ്ട്ര മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാണുന്നു. അതില്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് അതിശയപ്പെട്ടുകൊണ്ടാണ് ആ ലേഖനം എഴുതിയത്.
ഞാന്‍ ആവശ്യപ്പെട്ട ഒരു കാര്യം അവര്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അതിനെ അംഗീകരിക്കേണ്ടേ? ഉമ്മന്‍ ചാണ്ടിയാണ് സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ ആദ്യമായി സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് സ്ഥാപിച്ചത്. 2014ല്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ സ്ഥാപിച്ചതും അദ്ദേഹത്തിന്റെ കാലത്താണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ വ്യവസായ മേഖലയില്‍ നല്ല ഒരു കാര്യം ചെയ്തിരിക്കുന്നത്. നല്ല കാര്യം ചെയ്താല്‍ അതിനെ അംഗീകരിക്കണം. ഞാന്‍ ആവശ്യപ്പെട്ട കാര്യമാണ് ഞാന്‍ അംഗീകരിച്ചത്.
രണ്ടാമത്തെ കാര്യം, ഈ ലേഖനത്തില്‍ കേരള ഇക്കോണമിയെക്കുറിച്ച് മൊത്തമായി എഴുതിയതല്ല. സ്റ്റാര്‍ട്ട് അപ്പ്‌സിനെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. ഇംഗ്ലീഷ് വായിക്കുന്നവര്‍ക്ക് അത് മനസിലാകും. കേരളത്തിലെ സാമ്പത്തിക സ്ഥിതിയില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ട്. നമ്മുടെ തൊഴിലില്ലായ്മ ഒക്കെ വളരെ കൂടുതല്‍ ആണ്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, പല പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലാണ്. മത്സ്യത്തൊഴിലാളി മേഖലയെക്കുറിച്ച് എത്ര തവണ പാര്‍ലമെന്റില്‍ പോലും സംസാരിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ സാമ്പത്തിക കാര്യങ്ങളില്‍ ചെയ്യുന്ന എല്ലാം നല്ലതാണെന്ന അഭിപ്രായം എനിക്കില്ല. ഞാന്‍ ഒരു വിഷയത്തെക്കുറിച്ച് ഒരു ലേഖനത്തില്‍ പറഞ്ഞു. അതിലും വസ്തുതകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അത് ആള്‍ക്കാര്‍ക്ക് ഇഷ്ടമില്ലെങ്കില്‍, അതില്‍ വേറെ വസ്തുതകളുണ്ടെങ്കില്‍ ഞാന്‍ അത് കേള്‍ക്കാന്‍ തയ്യാറാണ്. ഇത്തരം വിഷയങ്ങളില്‍ അടിസ്ഥാനമില്ലാതെ ഞാന്‍ എഴുതുകയോ സംസാരിക്കുകയോ ചെയ്യില്ല. ഈ സര്‍ക്കാരിനോ അവര്‍ നയിക്കുന്ന എക്കോണമിക്കോ ഒരിക്കലും നൂറ് മാര്‍ക്ക് കൊടുത്തിട്ടില്ല. ഒരു റിപ്പോര്‍ട്ടിനെ ക്വോട്ട് ചെയ്ത് ലേഖനമെഴുതുക മാത്രമാണ് ചെയ്തത്. അടുത്ത തവണ നിങ്ങള്‍ പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ഞങ്ങള്‍ ഇത് തുടര്‍ന്നാല്‍ നിങ്ങള്‍ അതിനെ എതിര്‍ക്കരുത് എന്നും ഞാന്‍ ലേഖനത്തിന്റെ അവസാനം പറഞ്ഞിരുന്നു.
ഈ ആവശ്യം കേരളത്തിന്റെ ആവശ്യമാണ്. ഒരു മലയാളി ജനപ്രതിനിധിയായിട്ടാണ് ഇത് കണ്ടിരിക്കുന്നതും എഴുതിയതും. സിപിഎമ്മിന്റെ പേരേ ലേഖനത്തില്‍ കൊടുത്തിട്ടില്ല. കക്ഷി രാഷ്ട്രീയമല്ല പറഞ്ഞിരിക്കുന്നത്. കേരളത്തിന്റെ ആവശ്യമാണ്. നിങ്ങള്‍ ഈ പറഞ്ഞിരിക്കുന്നത് സത്യമാണെങ്കില്‍ ഇത് നല്ലതാണ് എന്നുകൂടിയാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്.
സ്വതന്ത്രമായ അഭിപ്രായം പറയാന്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയുകയാണെങ്കില്‍ അത് ഞാന്‍ അനുസരിക്കും. എഴുതിയതില്‍ ഒരു തെറ്റുണ്ടെങ്കില്‍ കാണിച്ചു തരൂ. എല്ലാ മാസവും ഈ പത്രത്തില്‍ ലേഖനമെഴുതുന്നതാണ്. ഇതില്‍ തെറ്റുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നതെങ്കില്‍ അടുത്ത തവണ അത് തിരുത്താം. പക്ഷെ തെറ്റ് എന്താണെന്ന് അദ്ദേഹം പറയണം. സിപിഎമ്മിനെ താലോലിച്ചുകൊണ്ടല്ല ഞാന്‍ ഇത് എഴുതിയിരിക്കുന്നത്. ഈ ഗ്ലോബല്‍ റിപ്പോര്‍ട്ട് ശരിയല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്തവരെയും നമ്മള്‍ ഇത് അറിയിക്കണമല്ലോ.
എന്തുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളെ ഇത് ബോധ്യപ്പെടുത്താന്‍ കഴിയാത്തതെന്ന ചോദ്യത്തിന് അത് എന്നോട് ചോദിക്കേണ്ട അവരോട് ചോദിക്കൂ എന്നും ശശി തരൂര്‍ പറഞ്ഞു.
ഇത് ഇത്രയും വിവാദമായതില്‍ എനിക്ക് തന്നെ അതിശയമുണ്ട്. ഒരുകാര്യത്തില്‍ സന്തോഷമുണ്ട്, ഞാന്‍ എഴുതുന്നത് ആള്‍ക്കാര്‍ വായിക്കുന്നുണ്ടല്ലോ. രാഷ്ട്രീയം ഇനിയും ഉണ്ടാകും. കേരളത്തിന് അടിസ്ഥാനപരമായി വേണ്ടത് വികസനമാണ്. വികസനത്തിന് വേണ്ടി ആര് മുന്‍കൈ എടുത്താലും നമ്മള്‍ അതിന് കൈയ്യടിക്കണം.
ഞാന്‍ രാഷ്ട്രീയത്തില്‍ പോലും ഉണ്ടാവാതിരുന്ന കാലത്ത്, ഐക്യരാഷ്ട്ര സഭ വിട്ട ശേഷം, എളമരം കരീം വ്യവസായ മന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം ന്യൂയോര്‍ക്കില്‍ വന്നപ്പോള്‍, ഞാന്‍ എന്റെ ചെലവില്‍ 40 ഇന്‍വെസ്‌റ്റേഴ്‌സിനെ കൊണ്ടു വന്ന്, അവര്‍ക്ക് മുന്നില്‍ മന്ത്രി പ്രസന്റ് ചെയ്തു. പക്ഷെ 40 ഇന്‍വെസ്റ്റേഴ്‌സ് പണം നല്‍കാന്‍ തയ്യാറായില്ല. കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് ചുവന്ന കൊടി വരും. ഈ പറയുന്നതില്‍ വിശ്വാസമില്ലെന്നാണ്. 40 പേരില്‍ മറുനാടന്‍ മലയാളികള്‍ പോലുമുണ്ടായിരുന്നു. അവര്‍ക്ക് തമിഴ്‌നാട്ടില്‍ പോയി ചെയ്യാം. പക്ഷെ കേരളത്തില്‍ വന്നാല്‍ ചുവന്ന കൊടി ഭയമാണ്. പക്ഷെ ഇന്ന് ആ കൊടി മാറ്റിവെക്കാന്‍ അവര്‍ തന്നെ തയ്യാറായിരിക്കുന്നു. അക്കാര്യമാണ് ഞാന്‍ പറഞ്ഞത്.