NEWSROOM

സിപിഐഎമ്മിന്റേത് അവസരവാദ രേഖ; കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാന്‍: വി.ഡി. സതീശന്‍

ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സിപിഐഎം നേതൃത്വത്തോടും യോജിക്കാനാകില്ലെന്നും സതീശന്‍

Author : ന്യൂസ് ഡെസ്ക്



ബിജെപിക്കെതിരായ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഐഎമ്മിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന വലിയ തമാശയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എം.വി. ഗോവിന്ദനെ പോലെ പ്രകാശ് കാരാട്ടും തമാശ പറയരുത്. എന്റെ പേരെടുത്ത് പറഞ്ഞും കാരാട്ട് വിമര്‍ശിച്ചിട്ടുണ്ട്. സിപിഐഎമ്മിന്റെ തീവ്ര വലതുപക്ഷ വ്യതിയാനമാണ് പലപ്പോഴായി ചൂണ്ടിക്കാട്ടിയത്. സിപിഐഎം നയരേഖ ഞാന്‍ വായിക്കണമെന്ന കാരാട്ടിന്റെ നിര്‍ദേശം വിനയപൂര്‍വം നിരസിക്കുന്നു. കാരണം അതൊരു അവസരവാദ രേഖയാണ്. ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന കാരാട്ടിനോടും അദ്ദേഹത്തിന് കുടപിടിച്ചു കൊടുക്കുന്ന കേരളത്തിലെ സിപിഐഎം നേതൃത്വത്തോടും ഞങ്ങള്‍ക്ക് യോജിക്കാനാകില്ലെന്നും സതീശന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെയ്യൂരിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് കാരാട്ടിന്റെ സമീപനം. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് കരട് രാഷ്ട്രീയ രേഖയില്‍ പറയുകയും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് പരസ്യമായി പറയുകയും ചെയ്യുന്നത് വിരോധാഭാസമാണ്. കാലങ്ങളായി കേരളത്തിലെ സിപിഐഎമ്മിന് ബിജെപിയുമായി ഉണ്ടായിരുന്ന രഹസ്യബന്ധം പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത്. രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കുന്നത് കോണ്‍ഗ്രസ് ആണെന്നിരിക്കെ കേരളത്തില്‍ വന്ന് പ്രകാശ് കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പിണറായി വിജയനെ പോലെ സംഘപരിവാറിന്റെ ഗുഡ് ബുക്കില്‍ ഇടം നേടാനാണ്. ജെപി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്നു പരസ്യമായി പറഞ്ഞ് മോദിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ കോണ്‍ഗ്രസിനെ ഫാസിസ്റ്റ് വിരുദ്ധതയും ബിജെപിക്ക് എതിരായ പോരാട്ടവും പഠിപ്പിക്കേണ്ട. ഇന്ത്യ മുന്നണിയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന സിപിഐഎം ഇനിയെങ്കിലും ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കരുത്.

ഫാസിസവുമായി കേരളത്തിലെ സിപിഐഎം എല്ലാ കാലത്തും സന്ധി ചെയ്തിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പ് വിജയം പോലും സിപിഐഎം-ബിജെപി ധാരണയുടെ ഭാഗമായിരുന്നു. ആര്‍എസ്എസ്- സിപിഐഎം ബന്ധത്തെ കുറിച്ച് നിയമസഭയിലും പുറത്തും തെളിവ് സഹിതം ആരോപണം ഉന്നയിച്ചിട്ടും പിണറായി വിജയന്‍ ഒരക്ഷരം പോലും മറുപടി പറഞ്ഞിട്ടില്ല. ബിജെപിയുമായി സന്ധി ചെയ്ത പിണറായി വിജയനെ തിരുത്താന്‍ സിപിഐഎം നേതൃത്വവും തയാറായിട്ടില്ല. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ പിണറായി വിജയന് മുന്നില്‍ കീഴടങ്ങിയത് ചരിത്രപരമായ മണ്ടത്തരമായിരുന്നുവെന്ന് ഒരിക്കല്‍ സിപിഐഎമ്മിന് ഏറ്റുപറയേണ്ടി വരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT