ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ എം. മുകേഷ് രാജി വെക്കേണ്ടതില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മുകേഷിൻ്റെ രാജിയാണ് ആവശ്യമെങ്കിൽ, ആദ്യം സമാന ആരോപണം നേരിട്ട കോൺഗ്രസ് എംഎൽഎമാർ രാജിവയ്ക്കണം. എല്ലാ എംഎൽഎമാർക്കും ഒരേ നിയമമാണെന്നും രണ്ട് എംഎൽഎമാർ രാജിവച്ചാൽ മൂന്നാമത്തെയാൾക്കും രാജിവെക്കേണ്ടി വരുമെന്നും ഇ. പി ജയരാജൻ പറഞ്ഞു. യുഡിഎഫ് എംഎൽഎമാരായ എം. വിൻസന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെ മുൻപ് ഉയർന്ന ലൈംഗികാരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് നേതാവിൻ്റെ പ്രസ്താവന.
സംസ്ഥാന സർക്കാർ സ്ത്രീ സംരക്ഷണത്തിനായി സ്വീകരിച്ച ചരിത്ര നടപടിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്നായിരുന്നു ഇ.പി. ജയരാജൻ പറഞ്ഞത്. വിഷയത്തിൽ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിച്ചെന്നും ആരോടും മമതയില്ലെന്നും നേതാവ് വ്യക്തമാക്കി. ആർക്കും പ്രത്യേക സംരക്ഷണമില്ല, തെറ്റ് ചെയ്തവർക്കെല്ലാം ശിക്ഷ ലഭിക്കും. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തുകൊണ്ട് കർക്കശമായ നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
ലൈംഗികാതിക്രമം നേരിട്ടെന്ന നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തത്. ബലാത്സംഗം, ലൈംഗികപീഡനം, അന്യായമായി തടങ്കൽ വെയ്ക്കൽ, സ്ത്രീകളോട് മോശമായി സംസാരിക്കുക തുടങ്ങിയ വകുപ്പുകളിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(1), 354, 452, 509 എന്നീ സെക്ഷനുകൾ പ്രകാരം ജാമ്യമില്ലാകുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുകേഷിനെതിരായ ലൈംഗികാരോപണങ്ങളിൽ തത്കാലം നടപടി ആവശ്യമില്ലെന്ന് തന്നെയായിരുന്നു തുടക്കം മുതൽക്കേ സിപിഎം നിലപാട്. സമാനമായ ആരോപണങ്ങളുടെയും കേസുകളുടെയും പേരിൽ മന്ത്രിമാർ രാജി വെച്ചിട്ടുണ്ടെങ്കിലും, എംഎൽഎ സ്ഥാനം രാജിവെക്കുന്ന രീതിയില്ലെന്നതാണ് ഇതിന് പ്രധാന കാരണമായി സിപിഎം നേതാക്കൾ പറയുന്നത്. നിലവിലുള്ളതിലും ഗുരുതരമായ ലൈംഗിക ആരോപണവും കേസുകളുമുണ്ടായിട്ടും യുഡിഎഫ് എംഎൽഎമാരായ എം. വിൻസന്റ്, എൽദോസ് കുന്നപ്പള്ളി എന്നിവർ രാജി വെച്ചിട്ടില്ലെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലൈംഗികാതിക്രമ പരാതികൾക്ക് പിന്നാലെയെത്തിയ പ്രതിപക്ഷ ആരോപണങ്ങളിൽ ഇടതുപക്ഷത്തു നിന്ന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നില്ലെന്ന പരാതിയുമായി മുകേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സെക്രട്ടറിയേറ്റിൽ രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെയായിരുന്നു നടൻ്റെ പരാതി. എംഎൽഎക്കെതിരായ പരാതികൾ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിഷയത്തിൽ അതിഗൗരവത്തോടെ അന്വേഷണം നടത്തണമെന്നുമായിരുന്നു പാർട്ടിയിൽ നിന്നുയർന്ന വിമർശനം.