മഹാരാഷ്ട്രയിൽ കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജിവെച്ചു. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടർന്നാണ് രാജി. 103 സീറ്റിൽ മത്സരിച്ച കോണ്‍ഗ്രസിന് 16 സീറ്റുകൾ മാത്രമാണ് നേടാനായത്. സകോലി മണ്ഡലത്തില്‍ മത്സരിച്ച പടോലെ വെറും 208 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
2021ൽ ബാലാസാഹേബ് തോറാട്ടിന് പകരക്കാരനായാണ് മുൻ എംപിയായ പടോലെ മഹാരാഷ്ട്ര കോൺഗ്രസിൻ്റെ ചുമതല ഏറ്റെടുത്തത്. പടോലെയുടെ നേതൃത്വത്തിൽ ഈ വർഷമാദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് മത്സരിച്ച 17ൽ 13 സീറ്റും നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മഹാ വികാസ് അഘാഡി സഖ്യകക്ഷികളിൽ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതും കോണ്‍ഗ്രസായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ചൂണ്ടിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജന ചർച്ചകളിൽ പടോലെയുടെ നേതൃത്വത്തില്‍ കോൺഗ്രസ് ശക്തമായി വിലപേശിയിരുന്നു. ഇത് കോൺഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) എൻസിപിയും (ശരദ് പവാർ) തമ്മിലുള്ള സംഘർഷത്തിന് കാരണമായി. ഒരു ഘട്ടത്തിൽ, പടോലെയുമായി ചേർന്ന് സീറ്റ് പങ്കിടൽ ചർച്ചകള്‍ നടത്തില്ലെന്നും താക്കറെ വിഭാഗം പറഞ്ഞു.
Also Read: 'ജനങ്ങൾ തള്ളിയവർ പാർലമെൻ്റിനെയും ജനാധിപത്യത്തെയും അനാദരിക്കുന്നു'; സഭയിലെത്തും മുന്‍പ് കോണ്‍ഗ്രസിനെ വിമർശിച്ച് മോദി
തെരഞ്ഞെടുപ്പ് ഫലത്തിന് രണ്ട് ദിവസം മുമ്പ് വരെ വിജയപ്രതീക്ഷയിലായിരുന്നു നാനാ പടോലെ. മഹാ വികാസ് അഘാഡി സർക്കാരിന് നേതൃത്വം കൊടുക്കുക കോൺഗ്രസായിരിക്കും എന്ന അവകാശവാദവും പടോലെ ഉന്നയിച്ചു. ഇതും സഖ്യത്തിനുള്ളില്‍ ഭിന്നതയ്ക്ക് കാരണമായി തീർന്നു.
2024 മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം 232 സീറ്റുകള്‍ നേടി ചരിത്ര വിജയം നേടിയപ്പോള്‍ മഹാ വികാസ് അഘാഡി 50ന് താഴെ സീറ്റുകളുമായി തകർന്നടിഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് കോൺഗ്രസ് കാഴ്ചവെച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റുകളായിരുന്നത് ഇത്തവണ 16 ആയിട്ടാണ് കുറഞ്ഞത്.