NEWSROOM

5000 രൂപ പെന്‍ഷന്‍, അധികാരത്തിലെത്തിയാല്‍ ജാതി സര്‍വേ; ഡല്‍ഹിയില്‍ പ്രകടന പത്രിക പുറത്തുവിട്ട് കോണ്‍ഗ്രസ്

അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കാന്റീനുകള്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.

Author : ന്യൂസ് ഡെസ്ക്



ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ രണ്ടാംഘട്ട പ്രകടന പത്രിക പുറത്തുവിട്ടു. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശാണ് പ്രകടന പത്രിക പുറത്തുവിട്ടത്.

പ്യാരി ദീദി യോജനയിലൂടെ സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ നല്‍കുമെന്നും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ജീവന്‍ രക്ഷാ യോജന വഴി 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. വിദ്യാസമ്പന്നരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്ക് ഉഡാന്‍ യോജനയിലൂടെ മാസം 8500 രൂപ സ്‌കോളര്‍ഷിപ്പ് നല്‍കും.

300 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പാക്കും. 500 രൂപയ്ക്ക് പാചക വാതക സിലിണ്ടറും സൗജന്യ റേഷന്‍ കിറ്റും നൽകും. അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കാന്റീനുകള്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കുന്നു.

24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കും. ശുചീകരണ തൊഴിലാളികള്‍ക്ക് സ്ഥിര നിയമനം നല്‍കും. സര്‍ക്കാര്‍ ജോലികളിലും പദ്ധതികളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. കരാര്‍ ജോലികളെല്ലാം സ്ഥിര നിയമനമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഡല്‍ഹിയിലെ ഏറ്റവും വലിയ വോട്ട് ബാങ്കായ പൂര്‍വാഞ്ചലികള്‍ക്കായി പ്രത്യേക വകുപ്പ് സ്ഥാപിക്കും. അധികാരത്തിലെത്തിയാല്‍ ജാതി സര്‍വേ നടത്തുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നു.

SCROLL FOR NEXT