NEWSROOM

മഹാരാഷ്ട്രയില്‍ വിമതർക്കെതിരെ നടപടിയുമായി കോണ്‍ഗ്രസ്; 28 നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുന്നത്

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പുരോഗമിക്കവേ വിമതർക്കെതിരെ അച്ചടക്ക നടപടിയുമായി കോൺഗ്രസ്. മഹാ വികാസ് അഘാഡി സഖ്യത്തിനെതിരെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 28 വിമത സ്ഥാനാർഥികളെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (എംപിസിസി) ആറ് വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. സസ്പെന്‍ഷന്‍ ലഭിച്ചവരില്‍ പ്രമുഖ നേതാക്കളും ഉള്‍പ്പെടുന്നു.

നേരത്തെ ഞായറാഴ്ച സസ്പെന്‍ഡ് ചെയ്യാനുള്ള 21 വിമത സ്ഥാനാർഥികളുടെ പട്ടിക തയ്യാറാക്കിയിരുന്നു. രാത്രിയോടെ ഏഴ് പേരെകൂടെ ചേർത്ത് പട്ടിക വിപുലീകരിച്ചു. ഇതോടെ 22 നിയമസഭ മണ്ഡലങ്ങളിലുമായി 28 വിമതരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്.

മുൻ മന്ത്രി രാജേന്ദ്ര മുലക് (രാംടെക് നിയോജകമണ്ഡലം), യാജ്ഞവൽക് ജിച്ച്‌കർ (കറ്റോൾ), കമൽ വ്യാവാരെ (കസ്ബ), മനോജ് ഷിൻഡെ (കോപ്രി പച്പഖാഡി), ആബ ബാഗുൽ (പാർവതി) എന്നിവരാണ് നടപടി നേരിട്ട പ്രമുഖ നേതാക്കൾ. നിർണായകമായ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുള്ളിലെ ഐക്യം സംരക്ഷിക്കാനാണ് പാർട്ടി ഈ ഘട്ടത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

Also Read: ബാല്‍ താക്കറെ ഉയര്‍ത്തിക്കെട്ടിയ കൊടിയും പിന്‍ഗാമികളുടെ തമ്മിലടിയും

മഹാരാഷ്ട്രയിലെ 288 നിയമസഭ മണ്ഡലങ്ങളിലേക്ക് നവംബർ 20നാണ് വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി, ശിവസേന (ഏകനാഥ് ഷിൻഡെ), അജിത് പവാറിൻ്റെ എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി സഖ്യം ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) , കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡിക്കെതിരെയാണ് മത്സരത്തിലുള്ളത്. നവംബർ 23ന് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളിലും അവിഭക്ത ശിവസേന 56 സീറ്റുകളിലും കോൺഗ്രസ് 44 സീറ്റുകളിലുമാണ് വിജയിച്ചത്. 2014ൽ ബിജെപി 122 സീറ്റുകളും ശിവസേന 63 സീറ്റുകളും കോൺഗ്രസ് 42 സീറ്റുകളുമാണ് നേടിയത്. 

SCROLL FOR NEXT