NEWSROOM

ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ കോൺഗ്രസ് രാജ്യത്തെ തകർക്കാൻ ആഗ്രഹിക്കുന്നു: കിരൺ റിജിജു

പ്രധാന പ്രതിപക്ഷ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കാഞ്ഞതോടെ അവർ രാജ്യ-വിരുദ്ധ ശക്തികളുമായി ചേരുകയാണെന്നും കിരൺ റിജിജു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്



കോൺഗ്രസും അതിൻ്റെ സഖ്യകക്ഷികളും ചേർന്ന് ഹിൻഡൻബർഗ് റിപ്പോർട്ടിലൂടെ രാജ്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു. പ്രധാന പ്രതിപക്ഷ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിക്കാഞ്ഞതോടെ അവർ രാജ്യവിരുദ്ധ ശക്തികളുമായി ചേരുകയാണെന്നും എംപി പറഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് സംബന്ധിച്ച് കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് കിരൺ റിജിജുവിൻ്റെ പ്രസ്താവന.


“രാജ്യത്തിനകത്തും പുറത്തും നിരവധി ശക്തികൾ ഇന്ത്യയ്‌ക്കെതിരായി പ്രവർത്തിക്കുന്നുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം. അവരെ നമ്മൾ തിരിച്ചറിയണം. സാമ്പത്തിക ശക്തിയെന്ന നിലയിലുള്ള ഇന്ത്യയുടെ ഉയർച്ചയെ തകർക്കാൻ ശ്രമിക്കുന്നവർ. കോൺഗ്രസും അതിൻ്റെ ചില സഖ്യകക്ഷികളും രാജ്യത്തെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു. " കിരൺ റിജിജു പറഞ്ഞു.

ALSO READ: "കോൺ​ഗ്രസ് സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്നു": ഹിന്‍ഡന്‍ബർഗ് റിപ്പോർട്ടില്‍ പ്രതികരിച്ച് രവിശങ്കർ പ്രസാദ്

തെരഞ്ഞെടുപ്പ് പരാജയത്തിൽ രോഷം കൊണ്ടാണ് കോൺഗ്രസിൻ്റെ പ്രവർത്തികളെന്ന വ്യത്യസ്ത വാദവും കിരൺ റിജിജു ഉയർത്തി. "തെരഞ്ഞെടുപ്പുകൾ നടന്നു, പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഒരു പുതിയ സർക്കാർ രൂപീകരിച്ചു. അവർക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനായില്ല, ഇന്ത്യക്ക് എന്തെങ്കിലുമൊരു നഷ്ടം സംഭവിക്കുമെന്ന് ഉറപ്പാക്കാൻ അവർ രാജ്യ വിരുദ്ധ ശക്തികളുമായി ചേർന്ന് പ്രവർത്തിക്കുന്നു. അവർ ഒരിക്കലും വിജയിക്കില്ല, കാരണം ഇന്ത്യയിലെ ജനങ്ങൾ രാജ്യ വിരുദ്ധ ശക്തികൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്." എന്നായിരുന്നു റിജിജുവിന്‍റെ വാദം. 

ALSO READ: ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട് അദാനിക്ക് 'പണിയായി'; ഓഹരികളില്‍‌ വന്‍ ഇടിവ്

അതേസമയം സമാനവാദവുമായി ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് ഇന്ത്യന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു രവി ശങ്കറിൻ്റെ പ്രസ്താവന. ഇന്ത്യക്കെതിരെ വെറുപ്പ് പ്രചരിപ്പിക്കുന്ന കോണ്‍ഗ്രസ്, സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് പറഞ്ഞു.

അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നെന്ന ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തലാണ് വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് തിരിതെളിച്ചിരിക്കുന്നത്. ആരോപണം അദാനിയും മാധബിയും നേരത്തെ നിഷേധിച്ചിരുന്നു. റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ ഓഹരിയില്‍ ഏഴ് ശതമാനം കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.

ALSO READ: ഹിന്‍ഡന്‍ബര്‍ഗ് അദാനിയെ ആദ്യം വരിഞ്ഞുമുറുക്കിയത് ഇങ്ങനെ...

2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. ഇന്ത്യന്‍ ഓഹരി വിപണികളെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടാണിതെന്ന് അന്നും വിമര്‍ശനങ്ങള്‍ ഉയർന്നിരുന്നു.

SCROLL FOR NEXT