NEWSROOM

ജർമനിയെ നയിക്കാൻ ഫ്രെഡ്രിക് മെ‍ർസ്; സിഡിയു - സിഎസ്‌യു സഖ്യം നേടിയത് 28.5 ശതമാനം വോട്ട്

അമേരിക്കയിൽ നിന്ന് യൂറോപ്പിന് യഥാർഥ സ്വാതന്ത്ര്യം നൽകുമെന്നാണ് ഫ്രെഡ്രിക് മെ‍ർസിൻ്റെ വാഗ്ദാനം

Author : ന്യൂസ് ഡെസ്ക്

യൂറോപ്യൻ യൂണിയനും ജർമനിക്കും നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം വിജയം ഉറപ്പിച്ചു. ജർമനിയെ ഇനി ഫ്രെഡ്രിക് മെ‍ർസ് നയിക്കും. മെ‍ർസിൻ്റെ സിഡിയുവും സിഎസ്‌യുവുമായുള്ള സഖ്യം 28.5 ശതമാനം വോട്ട് നേടി. ഇലോൺ മസ്ക് പ്രചാരണത്തിനിറങ്ങിയ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്‌ഡി രണ്ടാം സ്ഥാനത്തെത്തി.

അമേരിക്കയിലെ വിജയത്തിന് പിന്നാലെ മസ്ക് ജർമനിയിലും പ്രചാരണത്തിനെത്തി. പിന്നാലെ ജർമനിയിലെ തീവ്ര വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. എന്നാൽ ഇതൊന്നും വിജയം കണ്ടില്ലെന്നാണ് ജർമനിയിലെ പൊതുതെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

ഇന്നലെയാണ് ജർമനിയിലെ പൊതുതെരഞ്ഞെടുപ്പ് നടന്നത്. 1990ൽ ജർമനിയുടെ പുനരേകീകരണത്തിന് ശേഷം ഇതാദ്യമായാണ് പൊതുതെരഞ്ഞെടുപ്പിൽ 83 ശതമാനം വോട്ടിങ് രേഖപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പിൽ 28.5 ശതമാനം വോട്ട് നേടിയാണ് കൺസർവേറ്റീവ് പാർട്ടിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ ഓഫ് ജർമനിയും ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ ഇൻ ബവേരിയ സഖ്യവും ഭരണം ഉറപ്പിച്ചത്. ഇനി വേണ്ടത് ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ചെറുപാർട്ടികളുടെ പിന്തുണ മാത്രമാണ്. ഇതിനായി കൺസർവേറ്റീവ് സഖ്യം ചെറുപാർട്ടികളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ നേതാവ് ഫ്രെഡ്രിക് മെ‍ർസ് ആയിരിക്കും അടുത്ത ജർമൻ ചാൻസലർ.

അമേരിക്കയിൽ നിന്ന് യൂറോപ്പിന് യഥാർഥ സ്വാതന്ത്ര്യം നൽകുമെന്നാണ് ഫ്രെഡ്രിക് മെ‍ർസിൻ്റെ വാഗ്ദാനം. എഎഫ്ഡിയുമായി സഖ്യത്തിനില്ലെന്ന് മെ‍ർസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത കുടിയേറ്റവും റഷ്യ - യുക്രെയ്ൻ യുദ്ധത്തിലെ അമേരിക്കയുടെ പിൻവലിയലും യൂറോപ്പും അമേരിക്കയും തമ്മിലുള്ള മോശമാകുന്ന സാഹചര്യവുമെല്ലാം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായിരുന്നു. ഈ സാഹചര്യങ്ങളിൽ യൂറോപ്പിൽ ഐക്യം കൊണ്ടുവരികയെന്നതാണ് പ്രാഥമിക പരിഗണനയായി മെ‍ർസ് കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പിലെ വോട്ടിങ് ശതമാനം നോക്കിയാൽ രണ്ടാമതെത്തിയ എഎഫ്‌ഡിക്ക് 20.5 ശതമാനം വോട്ടും മുൻ ചാൻസലർ ഒലാഫ് ഷോൾസിൻ്റെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിക്ക് 16.5 ശതമാനം വോട്ടും ഗ്രീൻസിന് 11.8 ശതമാനം വോട്ടുമാണ് നേടാനായത്. എസ് പി ഡി, ഗ്രീൻ സഖ്യം തകർന്നതോടെയാണ് വിശ്വാസ വോട്ടെടുപ്പിൽ ഷോൾസ് സർക്കാർ പരാജയപ്പെടുകയും പാർലമെൻ്റ് പിരിച്ചുവിടുന്നതിലേക്കും നീങ്ങിയത്.

SCROLL FOR NEXT