കാലടി ശ്രീശങ്കര പാലത്തിനു സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിൻ്റെ നിർമാണം ഇഴയുന്നു. പാലത്തിനായി സ്ഥലം വിട്ടുകൊടുത്തവർക്കുള്ള ധനസഹായം വൈകുന്നത് മൂലം പൈലിങ് ജോലികൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഒരു വർഷം മുൻപ് നിർമാണം ആരംഭിച്ച പാലത്തിൻ്റെ ഒമ്പതു തൂണുകളാണ് ഇതുവരെ പൂർത്തിയാക്കിയത്. ശങ്കര പാലത്തിന് ആറു പതിറ്റാണ്ടോളം പഴക്കമുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് അടക്കമുള്ള പ്രധാനപാതകളിൽ ഒന്നാണിത്.
2012ലാണ് ഉമ്മൻ ചാണ്ടി സർക്കാർ പുതിയ പാലത്തിനുള്ള പണം വകയിരുത്തിയത്. അലൈൻമെൻ്റ് , ഭൂമിയേറ്റെടുക്കൽ, ബൈപ്പാസ് നിർമാണം തുടങ്ങിയ വിഷയങ്ങളിൽത്തട്ടി പദ്ധതി ഇഴഞ്ഞു. ഒടുവിൽ ഒരു പതിറ്റാണ്ടുകാലം കാത്തിരുന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സമാന്തരപാലത്തിൻ്റെ നിർമാണം തുടങ്ങി.
ഭൂമി വിട്ട് നൽകിയവർക്കിപ്പോൾ വീട് നഷ്ടപ്പെടുമെന്ന അവസ്ഥയാണ്. ഇതിൻ്റെ ഭാഗമായി ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്തവരൊക്കെ പ്രതിസന്ധിയിലായിരിക്കുകയാണ്. ധനസഹായതുക തീരുമാനിക്കാൻ കളക്ടറുടെ നേതൃത്വത്തിൽ രണ്ടു തവണ യോഗം വിളിച്ചതാണ്. പക്ഷെ അന്തിമ തീരുമാനം ഇതുവരെയും ആയിട്ടില്ല. ധനസഹായം നൽകാൻ വൈകുന്നതിനാൽ ഇരുകരയിലുമുള്ള പൈലിങ് ജോലികളും നിർത്തിവെച്ചിരിക്കുകയാണ്.
450 മീറ്റർ നീളത്തിലും ഇരുവശങ്ങളിൽ നടപ്പാതയുള്‍പ്പെടെ 14 മീറ്റര്‍ വീതിയിലുമാണ് പാലം നിർമിക്കുന്നത്. ഇരുകരകളിലും അലൈൻമെൻ്റിന് അടക്കം 20 കാലുകളാണ് പാലത്തിനുള്ളത്. ഇതിൽ 9 എണ്ണത്തിൻ്റെ നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. അതേ സമയം പുതിയ പാലം വന്നാലും കാലടിയിലെ ഗതാഗതകുരുക്ക് തുടരുമെന്നാണ് നാട്ടുകാരുടെ പക്ഷം.