NEWSROOM

പറഞ്ഞതൊന്നും ഇല്ല! വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നല്‍കാത്ത റിസോര്‍ട്ടിനെതിരെ നടപടിയുമായി ഉപഭോക്തൃ കോടതി

മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജാണ് റിസോർട്ടിനെതിരെ പരാതി നല്കിയത്.

Author : ന്യൂസ് ഡെസ്ക്

വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ നല്‍കാതെ വിനോദയാത്ര ദുരിത പൂര്‍ണ്ണമാക്കിയ റിസോര്‍ട്ട് ഉടമയ്ക്കെതിരെ നടപടി എടുത്ത് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ആലപ്പുഴയിലെ പാം ബീച്ച് റിസോര്‍ട്ടിനെതിരെയാണ് കോടതിയുടെ നടപടി. നഷ്ടപരിഹാരമായി റിസോര്‍ട്ട് ഉടമ 38,750 രൂപ നല്കണമെന്നാണ് ഉത്തരവ്. മൂവാറ്റുപുഴ സ്വദേശി റിനീഷ് രാജാണ് റിസോർട്ടിനെതിരെ പരാതി നല്കിയത്.

2023 ജൂണ്‍ മാസമാണ് ആലപ്പുഴയിലെ പാം ബീച്ച് റിസോര്‍ട്ടില്‍ റിനീഷ് രാജും കുടുംബവുമുള്‍പ്പടെ 23 പേർ എത്തിയത്. വിവിധ സൗകര്യങ്ങള്‍ ആണ് ബുക്കിങ് സമയത്ത് ഉടമ വാഗ്ദാനം ചെയ്തിരുന്നത്. 8 എസി മുറികള്‍ നല്‍കാമെന്നും ഹോട്ടലിന്റെ കിച്ചണ്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാം എന്നും ഉറപ്പുനല്‍കി. 23,000 രൂപയാണ് പറഞ്ഞുറപ്പിച്ച തുക. 5000 രൂപ അഡ്വാന്‍സ് ആയി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ 7 മുറികള്‍ മാത്രമാണ് പരാതിക്കാരന് ലഭിച്ചത്. ഇതില്‍ രണ്ട് മുറികളില്‍ മാത്രമാണ് എസി പ്രവര്‍ത്തിച്ചത്. മുറികള്‍ പലതും വൃത്തിഹീനവും താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലും ആയിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു. ബുക്കിംഗ് സമയത്ത് പറഞ്ഞ കിച്ചനും നല്‍കിയില്ല എന്നും പരാതിക്കാരന്‍ പറയുന്നു.

എന്നാല്‍ ഇവ പരിഗണിച്ച് പറഞ്ഞ തുക ഇളവു ചെയ്യാമെന്ന് റിസോർട്ട് ഉടമ പറഞ്ഞെങ്കിലും അതും നടപ്പിലായില്ല. തുടര്‍ന്നാണ് റിനീഷ് പരാതി സമര്‍പ്പിച്ചത്. എതിര്‍ കക്ഷിയുടെ നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്നും കോടതി കണ്ടെത്തി. തുടര്‍ന്ന് 23,750 രൂപ പരാതിക്കാരന് തിരിച്ചു നല്‍കാനും 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവ് ഇനത്തിലും 45 ദിവസത്തിനകം നല്കാനും കോടതി നിർദേശിച്ചു.



SCROLL FOR NEXT