NEWSROOM

'കോടതി ഉത്തരവിട്ടാൽ, ഭക്തർ പറയുന്ന പോലെയാണോ ചെയ്യുക'; ആന എഴുന്നള്ളിപ്പിൽ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി

നാട്ടാന എഴുന്നളളത്തുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനപൂർവമായ ശ്രമമുണ്ടായിയെന്ന് കരുതേണ്ടി വരുമെന്നും കോടതി പറ‍ഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കോടതിയലക്ഷ്യ നടപടിയുമായി ഹൈക്കോടതി. ദേവസ്വം ഓഫീസര്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു. നാലാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ആന എഴുന്നള്ളത്ത് നടത്തിയതിനെത്തുടർന്നാണ് നടപടി. നാട്ടാന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പാലിക്കാതിരിക്കാൻ മനപൂർവമായ ശ്രമമുണ്ടായിയെന്ന് കരുതേണ്ടിവരുമെന്നും കോടതി പറ‍ഞ്ഞു. 'കോടതി ഉത്തരവിട്ടാൽ, ഭക്തർ പറയുന്ന പോലെയാണോ ചെയ്യുക' എന്നും കോടതി വിമർശിച്ചു. 



ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം ഓഫീസർ നൽകിയ സത്യവാങ്മൂലം സ്വീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു. 15 ആനകളെയും എഴുന്നളളിച്ചില്ലെങ്കിൽ ഭക്തർ എതിരാകുമെന്ന വാദം അംഗീകരിക്കാനാകില്ല. ഈ പോക്കുപോയാൽ നിയമം ഇല്ലാത്ത നാടായി ഇവിടം മാറും. ഇത് അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കിയാണ് കോടതിയലക്ഷ്യ നടപടി ആരംഭിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നളളിച്ചതിന് വനം വകുപ്പ് കേസെടുത്തിരുന്നു.



ആനകൾ തമ്മിൽ മൂന്നു മീറ്റ‍ർ അകലം ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായി എട്ടു മീറ്റർ അകലം പാലിച്ചില്ലെന്നും പരിശോധനയിൽ കണ്ടെത്തിയതായി വനംവകുപ്പ് പറയുന്നു. ആനകളുടെ സമീപത്തുകൂടി തീവെട്ടിയുമായി പോയെന്നും ഇക്കാര്യത്തിലും അഞ്ച് മീറ്റ‍ർ അകലം പാലിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ഹൈക്കോടതി നിർദേശം ലംഘിച്ചിട്ടില്ലെന്നും ആനകളെ ചട്ടപ്രകാരമാണ് അണിനിരത്തിയതെന്നുമായിരുന്നു കമ്മിറ്റി ഭാരവാഹികളുടെ പ്രതികരണം.


SCROLL FOR NEXT