NEWSROOM

ആദ്യമായി ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; പത്രിക നല്‍കി കൊടിക്കുന്നില്‍ സുരേഷ്

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

പതിനെട്ടാം ലോക്‌സഭയുടെ സ്പീക്കര്‍ സ്ഥാനത്തേക്ക് ചരിത്രത്തിലാദ്യമായി മത്സരം. സ്പീക്കര്‍ സ്ഥാനത്തേക്ക് ഓം ബിര്‍ളയെ എന്‍ഡിഎ നാമനിര്‍ദേശം ചെയ്‌തെങ്കിലും മത്സരം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി പ്രതിപക്ഷത്ത് നിന്ന് കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക നല്‍കി. 

നേരത്തെ സ്പീക്കര്‍ സ്ഥാനത്ത് മത്സരമൊഴിവാക്കാന്‍ എന്‍ഡിഎ പ്രതിനിധികള്‍ പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിര്‍ളയെ പിന്തുണയ്ക്കുകയാണെങ്കില്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കണമെന്നാണ് ഇന്ത്യ സഖ്യം മുന്നോട്ട് വെച്ച ആവശ്യം. 

ഡെപ്യൂട്ടി സ്പീക്കര്‍ പദവി ലഭിക്കാതെ ഒത്തു തീര്‍പ്പിനില്ലെന്നും പ്രതിപക്ഷം വ്യക്കതമാക്കി. ഇതോടെയാണ് പ്രതിപക്ഷം സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് വ്യക്തമാക്കിയത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 

സ്പീക്കര്‍ സ്ഥാനം ടി.ഡി.പിക്കു വിട്ടുകൊടുക്കില്ലെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള മത്സരം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യാ സഖ്യ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി എന്നിവരുമായാണ് രാജ്‌നാഥ് സിംഗ് ബന്ധപ്പെട്ടത്.

SCROLL FOR NEXT